ഐപിഎല്‍ 15ാം സീസണ് ഇന്ന് കൊട്ടിക്കലാശം. ഫൈനലില്‍ കന്നി സീസണ്‍ കളിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് പ്രഥമ ഐപിഎല്‍ സീസണ്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ശക്തമായ താരങ്ങളെ അണിനിരത്തിയാണ് ഇരുടീമും ഇറങ്ങുന്നത്. ഇപ്പോഴിത് മത്സരത്തില്‍ രാജസ്ഥാന് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മാത്യു വെയ്ഡ്.
‘വലിയ സമ്മര്‍ദ്ദം നിറഞ്ഞ മത്സരങ്ങള്‍ എനിക്കിഷ്ടമാണ്. ഫൈനലുകള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. എന്റെ കരിയറില്‍ ഏറ്റവും ആസ്വദിച്ചത് ഫൈനല്‍ മത്സരങ്ങളാണ്. പല ഫൈനലുകളിലും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്.’
‘ഇവിടെയും അത് ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഹമ്മദാബാദിലെ സ്റ്റേഡിയം കണ്ടിട്ടുണ്ട്. വളരെ ആകര്‍ഷണീയമായ സ്റ്റേഡിയമാണിത്. ഇവിടെ കളിക്കാന്‍ സാധിച്ചിട്ടില്ലാത്തിനാല്‍ത്തന്നെ മത്സരം ആസ്വദിക്കാനാവുമെന്നാണ് കരുതുന്നത്’വെയ്ഡ് പറഞ്ഞു.
സീസണില്‍ 16 മത്സരത്തില്‍ നിന്ന് 149 റണ്‍സ് മാത്രമാണ് വെയ്ഡ് നേടിയിരിക്കുന്നത്. 35 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇത് രാജസ്ഥാനെതിരേ ഒന്നാം ക്വാളിഫയറിലാണ് എന്നതാണ് ശ്രദ്ധേയം.
2008നു ശേഷം ആദ്യമായാണു രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഗുജറാത്തിനാകട്ടെ ഇത് കന്നി സീസണാണ്. ടൂര്‍ണമെന്റിലുടനീളം വളരെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഗുജറാത്ത് കാഴ്ചവയ്ക്കുന്നതും.
ഇന്ന് വൈകിട്ട് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തന്നെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ആത്മവിശ്വാസത്തിലാണ് ഗുജറാത്ത്. രണ്ടാം ക്വാളിഫയറില്‍ ബാംഗ്ലൂരിനെ അനായാസം മറികടന്നതിന്റെ ഉണര്‍വിലാണ് സഞ്ജുവം കൂട്ടരും.