ഐ.പി.എല്‍ 13ാം സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ താരം വീരേന്ദര്‍ സെവാഗ് നടത്തിയ പരിഹാസത്തോട് പ്രതികരിച്ച് പഞ്ചാബിന്റെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഈ പരിഹാസം തനിക്ക് പ്രശ്‌നമുള്ളതല്ല എന്നാണ് മാക്‌സ്‌വെല്‍ പറയുന്നത്. “10 കോടിയുടെ ചിയര്‍ ലീഡര്‍” എന്നായിരുന്നു സെവാഗ് മാക്‌സ്‌വെല്ലന് ചാര്‍ത്തിയ പേര്.
“അതു കുഴപ്പമില്ല. എന്റെ പ്രകടനത്തിലുള്ള അനിഷ്ടം വീരു പരസ്യമായി പ്രകടിപ്പിച്ചതിലും പ്രശ്‌നമില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളതെല്ലാം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. ഇത്തരം പ്രസ്താവനകള്‍ കൊണ്ട് എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് സെവാഗ്”
“ഇത്തരം വിമര്‍ശനങ്ങളോട് കുറച്ചുകൂടി ക്രിയാത്മകമായി പ്രതികരിക്കാന്‍ ഇപ്പോള്‍ എനിക്കാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളോട് പൊരുതാന്‍ ലഭിച്ച അവസരമായിരുന്നു ഇത്. ഈ വര്‍ഷം പ്രത്യേകിച്ചും” മാക്‌സ്‌വെല്‍ പറഞ്ഞു.
“ഗ്ലെന്‍ മാക്‌സ്‌വെല്‍. 10 കോടിയുടെ ഈ ചിയര്‍ലീഡര്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിന് വന്‍ നഷ്ടക്കച്ചവടമായിപ്പോയി. വിശ്രമിക്കാനായി ജോലിയില്‍നിന്ന് കുറച്ചുകാലം മാറിനില്‍ക്കുന്നതുപോലെയാണ് വര്‍ഷങ്ങളായി മാക്‌സ്‌വെലിന്റെ ഐപിഎല്‍ കരിയര്‍. ഇത്തവണ ആ റെക്കോഡും തകര്‍ന്നു. വന്‍ ശമ്പളത്തോടെയുള്ള അവധിയെന്ന് പറയുന്നത് ഇതിനെയാണ്.” എന്നായിരുന്നു സെവാഗിന്റെ പരിഹാസം.
13 മത്സരങ്ങളില്‍നിന്ന് 103 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന് ആകെ നേടാനായത്. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ മാക്‌സ്‌വെല്ലിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതും ശ്രദ്ധേയമാണ്.