സമകാലിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ അര്‍ജന്റീനയുടെ ലയണ്‍ മെസിയും ബ്രസീലിന്റെ നെയ്മറും കളത്തിന് പുറത്ത് അടുത്ത സുഹൃത്തുക്കളാണ്. കളിക്കളത്തില്‍ ഇരുവരും വാശിയേറിയ പോരാളികളും. ഫുട്‌ബോള്‍ പ്രേമികളെ ത്രസിപ്പിക്കാന്‍ മെസിയും നെയ്മറും ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ വരുന്നു. ലോക കപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലാണ് മെസിയും നെയ്മറും പോരടിക്കുന്നത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയില്‍ ഒരുമിച്ചു കളിക്കുന്ന മെസിയും നെയ്മറും മുഖാമുഖം നില്‍ക്കുന്ന നാളിന് കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
സെപ്റ്റംബര്‍ 5നാണ് ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടിലെ ബ്രസീല്‍-അര്‍ജന്റീന പോരാട്ടം. മത്സരത്തിനുള്ള അര്‍ജന്റീന ടീമില്‍ മെസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയുമാണ് ഏറ്റുമുട്ടിയത്. അന്ന് വിജയം അര്‍ജന്റീനയ്‌ക്കൊപ്പം നിന്നു. അന്താരാഷ്ട്ര കിരീടമെന്ന മെസിയുടെ സ്വപ്‌നവും അതോടെ പൂവണിഞ്ഞു.
ബ്രസീല്‍ ടീമിനെ ചാമ്പ്യന്‍മാരാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് നെയ്മര്‍ അന്ന് കളംവിട്ടത്. അതിനു നെയ്മര്‍ പകരംവീട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക കപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ 18 പോയിന്റുമായി ബ്രസീലാണ് ഒന്നാമത്. 12 പോയിന്റുള്ള അര്‍ജന്റീന രണ്ടാമതുണ്ട്.