എം.എസ് ധോണിയുടെ അഭാവമാണ് നിലവില്‍ ഇന്ത്യ നേരിടുന്ന വലിയ തിരിച്ചടിയെന്ന് മുന്‍ വിന്‍ഡീസ് പേസര്‍ മൈക്കല്‍ ഹോല്‍ഡിംഗ്. ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ 66 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഹോള്‍ഡിംഗിന്റെ അഭിപ്രായ പ്രകടനം.
“ഇത്രയും വലിയ സ്‌കോര്‍ മറികടക്കുകയെന്നത് ഇന്ത്യക്ക് വലിയ ബുദ്ധിമുട്ടേറിയ കാര്യമാണ്. ധോണിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. എംഎസ് ധോണി റണ്‍സ് പിന്തുടരുമ്പോള്‍ കാണിക്കുന്ന നിയന്ത്രണം മികച്ചതാണ്. നേരത്തെ ധോണിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ വിജയകരമായി റണ്‍സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ധോണിക്ക് എന്തൊക്കെ സാധിക്കുമെന്നത് ഇരു ടീമിനും കൃത്യമായി അറിയാം.”
“മികച്ച ബാറ്റിംഗ് നിര ഇന്ന് ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ധോണിയെപ്പോലെയൊരു താരത്തെ അവര്‍ക്ക് ആവിശ്യമുണ്ട്. ഇന്ത്യ റണ്‍സ് പിന്തുടരുമ്പോള്‍ ഒരിക്കല്‍ പോലും ധോണി ഭയപ്പെടുന്നതായി കണ്ടിട്ടില്ല. മികച്ച രീതിയില്‍ മത്സരം പൂര്‍ത്തിയാക്കുകയാണ് സാധാരണയായി അവന്‍ ചെയ്യുന്നത്. അവനോടൊപ്പം ആരാണോ ബാറ്റ് ചെയ്യുന്നത് അവനോട് സംസാരിച്ച് ആത്മവിശ്വാസം നല്‍കി വിജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ ധോണി സഹായിക്കും. ധോണി പകരക്കാരനില്ലാത്ത സവിശേഷവാനായ താരമാണ്” ഹോല്‍ഡിംഗ് പറഞ്ഞു.
ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 66 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങിയത്. ഓസീസ് മുന്നോട്ടുവെച്ച 375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുക്കാനേ ആയുള്ളു. 76 ബോളില്‍ 90 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 74 റണ്‍സെടുത്തു.