ചെന്നൈയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ബംഗ്ലദേശ് ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണവും വിശ്രമവും കഴിച്ച് മിക്ക ഇന്ത്യൻ കളിക്കാരും ഡ്രസ്സിംഗ് റൂമിലായിരിക്കുമ്പോൾ, വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും മറ്റൊരു തീരുമാനമെടുത്തു.
ഡ്രസിങ് റൂമിലെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ച് ചെന്നൈയിലെ ചൂടിൽ പരിശീലനം നടത്താൻ ഇരുവരും തീരുമാനിച്ചു. ഇന്ന് ഉച്ചഭക്ഷണ ഇടവേളയിൽ പരിശീലന നെറ്റുകളിൽ അവർ ബാറ്റ് ചെയ്യുന്നത് കണ്ടു. വിരാട് കോഹ്‌ലിയും യശസ്വി ജയ്‌സ്വാളും നെറ്റ്‌സിൽ മാറിമാറി ബാറ്റ് ചെയ്യുന്നതിനിടയിൽ സപ്പോർട്ട് സ്റ്റാഫിലെ അംഗങ്ങളിൽ നിന്ന് ത്രോഡൗണുകൾ നേരിട്ടു.
മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് അത്ര നല്ല പ്രകടനം അല്ല ഉണ്ടായത്. രണ്ട് ഇന്നിംഗ്സുകളിലും ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ മുൻ ഇന്ത്യൻ നായകൻ പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്‌സിൽ 6 റൺസിന് പുറത്തായ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ 17 റൺസിന് പുറത്തായി.
മറുവശത്ത്, യശസ്വി ജയ്‌സ്വാളിന് ഭേദപ്പെട്ട പ്രകടനം നടത്താനായി. ആദ്യ ഇന്നിംഗ്‌സിൽ 56 റൺസ് നേടിയ യുവതാരത്തിന് രണ്ടാം ഇന്നിംഗ്‌സിൽ 10 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഒരു തിരിച്ചുവരവാണ് ഈ താരങ്ങൾ ലക്ഷ്യമിടുന്നത്.