IPL 2025: എന്റെ യോര്‍ക്കര്‍ കളിക്കാന്‍ മാത്രം നിങ്ങള്‍ വളര്‍ന്നോ, ആയിട്ടില്ല മക്കളെ, സ്റ്റാര്‍ക്ക് എന്നാല്‍ ഫയറാടാ, രാജസ്ഥാനെ വന്ന വഴി ഓടിച്ച തീപ്പൊരി ബോളിങ്‌

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചതില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബോളിങ് പ്രധാന പങ്കുതന്നെയാണ് വഹിച്ചത്. രാജസ്ഥാന്‍ അനായാസം വിജയം നേടുമെന്ന് തോന്നിപ്പിച്ച മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ തുടര്‍ച്ചയായുളള യോര്‍ക്കറുകള്‍ അവരുടെ താളംതെറ്റിച്ചു. പത്ത് യോര്‍ക്കറുകളെല്ലാം ഒരേസമയം ഏറിഞ്ഞ് ആര്‍ആര്‍ ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. കൂടാതെ സ്ലോവര്‍ ബോള്‍ ബൗണ്‍സറുകളും ഡല്‍ഹി ബോളര്‍ രാജസ്ഥാന്‍ ബാറ്റര്‍മാര്‍ക്കെതിരെ പരീക്ഷിച്ചു. അവസാന ഓവറില്‍ ധ്രുവ് ജുറല്‍, ഹെറ്റ്‌മെയര്‍ തുടങ്ങി ആര്‍ആറിന്റെ പ്രധാന ബാറ്റര്‍മാര്‍ ക്രീസിലുണ്ടായിരുന്നിട്ടും അവര്‍ക്ക് വമ്പനടികള്‍ക്ക് അവസരം നല്‍കാതെ പിടിച്ചുകെട്ടുകയായിരുന്നു സ്റ്റാര്‍ക്ക്.

ഓസ്‌ട്രേലിയന്‍ താരത്തിന്റെ മാരക ബോളിങ്ങില്‍ സിക്‌സും ഫോറും അടിക്കാനാകാതെ ഡബിളും സിംഗിളുകളും മാത്രമെടുത്താണ് ഹെറ്റ്‌മെയറും ജുറലും മത്സരം ടൈ ആക്കിയിരുന്നത്. സൂപ്പര്‍ ഓവറിലും സ്റ്റാര്‍ക്ക് തന്റെ ബോളിങ് മികവ് ആവര്‍ത്തിച്ചപ്പോള്‍ എല്ലാം ഡല്‍ഹിക്ക് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ലേലത്തില്‍ 11.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിനെ ഡല്‍ഹി മാനേജ്‌മെന്റ് ടീമിലെത്തിച്ചത്. തന്റെ പ്രൈസ് ടാഗിന് അനുസരിച്ചുളള പ്രകടനം തന്നെയാണ് സ്റ്റാര്‍ക്ക് ഡല്‍ഹിക്കായി കാഴ്ചവയ്ക്കുന്നത്.

മുന്‍ സീസണില്‍ 24.75 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലായിരുന്ന സ്റ്റാര്‍ക്ക് അവരെ കിരീടനേട്ടത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിരുന്നത്. കോടികള്‍ കൂടുതല്‍ കൊടുത്ത് താരത്തെ വാങ്ങിയതില്‍ ടീമുകള്‍ക്ക് വലിയ ട്രോളുകളായിരുന്നു ക്രിക്കറ്റ് ആരാധകരില്‍ നിന്നും ലഭിച്ചത്. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയ്ക്കായി തുടക്കത്തില്‍ ചില മത്സരങ്ങളില്‍ തിളങ്ങാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നില്ല. ഈ സമയത്തായിരുന്നു സ്റ്റാര്‍ക്കിനെ എല്ലാവരും എയറിലാക്കിയിരുന്നത്. എന്നാല്‍ പിന്നീട് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന രീതിയിലുളള പ്രകടനമായിരുന്നു സ്റ്റാര്‍ക്ക് കാഴ്ചവച്ചിരുന്നത്. ഇത്തവണയും ഐപിഎലില്‍ മിന്നുംഫോമിലാണ് താരമുളളത്.