DC VS KKR: റിങ്കു സിങിന്റെ സിക്‌സ് ഇല്ലാതാക്കിയ സ്റ്റാര്‍ക്കിന്റെ കിടിലന്‍ ക്യാച്ച്, പൊളിച്ചെന്ന് ആരാധകര്‍, വീഡിയോ

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യ ബാറ്റിങ്ങില്‍ കൊല്‍ക്കത്ത മികച്ച സ്‌കോര്‍ നേടിയിരിക്കുകയാണ്. നിശ്ചിത ഓവറില്‍ 204 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. അങ്കരീഷ് രഘുവംശി (44), റിങ്കു സിങ് (36) തുടങ്ങിയവര്‍ ഇന്ന് കൊല്‍ക്കത്തയ്ക്കായി തിളങ്ങി. പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരു. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലീ സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. അതേസമയം മത്സരത്തില്‍ റിങ്കു സിങ്ങിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യാച്ച് ശ്രദ്ധേയമായിരുന്നു.

കൊല്‍ക്കത്ത ബാറ്റര്‍ സിക്‌സറിനായി ശ്രമിച്ച് പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ അത് ബൗണ്ടറി ലൈനിന് അടുത്ത് നിന്ന് ചാടി കൈപിടിയിലൊതുക്കുകയായിരുന്നു സ്റ്റാര്‍ക്ക്. വിപ്രജ് നിഗത്തിന്റെ പന്തിലായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഈ കിടിലന്‍ ക്യാച്ച് വന്നത്. കൊല്‍ക്കത്ത സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേയാണ് റിങ്കുവിനെ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ച് എടുത്ത് തിരിച്ചയച്ചത്.

കൊല്‍ക്കത്തയ്ക്കായി ഓപ്പണിങ് വിക്കറ്റില്‍ റഹ്‌മനുളള ഗുര്‍ബാസും സുനില്‍ നരെയ്‌നും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. പവര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ച ഇരുവരും ടീം സ്‌കോര്‍ മൂന്ന് ഓവറില്‍ 48 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ഗുര്‍ബാസിന്റെ പുറത്താവല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് ആദ്യ തിരിച്ചടിയായി. 12 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 26 റണ്‍സെടുത്ത് കത്തിക്കയറവേയാണ് താരത്തിന്റെ പുറത്താവല്‍.

പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തുളള കൊല്‍ക്കത്തയ്ക്ക് ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. ഒമ്പത് കളികളില്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 7 പോയിന്റാണ് അവര്‍ക്കുളളത്. അതേസമയം നാലാം സ്ഥാനത്തുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് കളികളില്‍ നിന്നും ആറ് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റുമാണുളളത്.