അഡലൈഡിൽ നടക്കുന്ന ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് മാച്ചിൽ മിച്ചൽ സ്റ്റാർക്കിൻ്റെ ഓപ്പണിംഗ് ഡെലിവറി, ഇന്ത്യൻ ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ പുറത്താക്കി നാടകീയമായ ശൈലിയിൽ ഓസ്‌ട്രേലിയക്ക് ഒരു ടേൺ സ്ഥാപിച്ചു. ഈയൊരു വിക്കറ്റോടെ പെർത്ത് ടെസ്റ്റിലെ ചില നാടകീയ രംഗങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന് ഉറപ്പിക്കാം. പെർത്ത് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിൻ്റെ 30-ാം ഓവറിനിടെ ഹർഷിത്ത് റാണ ഷോർട്ട് പിച്ച് പന്തുകൾ എറിഞ്ഞു തുടങ്ങിയപ്പോൾ ബൗൾ ചെയ്ത് ക്രീസിലേക്ക് തിരികെ നടക്കുന്ന റാണയോട് സ്റ്റാർക്ക് പറഞ്ഞത്: “Harshith I bowl faster than you” എന്നാണ്. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ സ്റ്റാർക്ക് ഇത് പറയുമ്പോൾ ആരായാലും ഒന്ന് പേടിക്കാൻ സാധ്യതയുണ്ട്.
എന്നാൽ രണ്ടാം ഇന്നിംഗ്‌സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ ഇരുപത്തിരണ്ടുകാരനായ യശ്വസി ജയ്‌സ്വാൾ ഒരു ബൗണ്ടറി അടിക്കുകയും ഒരു ബാക്ക്-ഓഫ്-ലെങ്ത് ഡെലിവറിയെ പ്രതിരോധിക്കുകയും ചെയ്തതിന് ശേഷം സ്റ്റാർക്കിനെ നോക്കി “it’s coming too slow” എന്ന് പരിഹസിച്ചു. ജയ്‌സ്വാളിന്റെ ആ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കിയെങ്കിലും നേരത്തെ റാണയോട് സൂചിപ്പിച്ചത് പോലെ സ്റ്റാർക്കിന് നല്ല ഓർമ്മ ശക്തിയുണ്ടായിരുന്നു. ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ രണ്ടാം ടെസ്റ്റിന്റെ ഫസ്റ്റ് ബോൾ ജയ്‌സ്വാളിന് പന്തെറിയുന്നത് ഇതേ മിച്ചൽ സ്റ്റാർക്ക് തന്നെ, തന്റെ ആദ്യ പന്തിൽ 140 സ്പീഡിൽ എറിഞ്ഞ പന്തിൽ ജയ്‌സ്വാൾ ഔട്ട്. ഒരു റിവ്യൂക്ക് പോലും നിൽക്കാത്ത ജയ്‌സ്വാൾ പവലിയനിലേക്ക് കയറി പോകുന്നു.
അവിടെ കൊണ്ട് നിർത്തിയില്ല സ്റ്റാർക്ക്, തന്റെ ബോളിന്റെ സ്പീഡിനെ സംശയിച്ച എല്ലാവരെയും ഒന്നന്നൊന്നായി സ്റ്റാർക്ക് വീഴ്ത്തി. ജയ്‌സ്വാളിന് പുറമെ കെഎൽ രാഹുലും സാക്ഷാൽ വിരാട് കോഹ്‌ലിയും മുതൽ നിതീഷ് റെഡ്‌ഡി, രവിചന്ദ്രൻ അശ്വിൻ, ഹർഷിത് റാണ വരെ സ്റ്റാർക്കിന്റെ വേട്ട തുടർന്നു. തൻ്റെ കരിയറിൽ ഇത് മൂന്നാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സ്റ്റാർക്ക് വിക്കറ്റ് നേടുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ബൗളർക്കും നേടാനാവാത്ത നേട്ടമാണ് വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിനൊപ്പം ചേർന്ന് സ്റ്റാർക്ക് സ്വന്തമാക്കിയത്.
ലോക ക്രിക്കറ്റിലെ ഏറ്റവും പഴക്കം ചെന്ന ടെസ്റ്റ് സീരീസ് ആയ ആഷസിന്റെ 2021 എഡിഷനിൽ ബ്രിസ്ബണിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഓപ്പണർ റോറി ബേൺസിന്റെ ലെഗ് സ്റ്റംപ് സ്വിംഗിംഗ് യോർക്കർ എറിഞ്ഞ് സ്റ്റാർക്ക് തകർത്താണ് സ്റ്റാർക്കിന്റെ ഫസ്റ്റ് ബോൾ വിക്കറ്റ് നേട്ടത്തിൽ ഒന്ന്. 2016ൽ ഗാലെയിൽ നടന്ന ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്‌നെയെ മിഡ് വിക്കറ്റിൽ ക്യാച്ച് നൽകി പുറത്താക്കിയതാണ് അവശേഷിക്കുന്നത്. വെസ്റ്റ് ഇൻഡീസ് ബൗളർ പെഡ്രോ കോളിൻസിൻ്റെ നാഴികക്കല്ലിനു തുല്യമായ ഒരു ടെസ്റ്റിലെ ആദ്യ പന്തിൽ തന്നെ മൂന്ന് തവണ വിക്കറ്റ് സ്വന്തമാക്കുക എന്ന നേട്ടം സ്റ്റാർക്ക് 91 മത്സരത്തിൽ നിന്നാണ് നേടിയത്. എന്നാൽ വെറും 32 ടെസ്റ്റുകളിൽ നിന്നാണ് കോളിൻസ് ഈ നേട്ടം സ്വന്തമാക്കിയത്.