നാല് മാസത്തോളം നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് ഇംഗ്ലണ്ടില്‍ ക്രിക്കറ്റ് ആരവത്തിന് വീണ്ടും തുടക്കമായത്. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണത്തോടെ കാണികളെ പ്രവേശിപ്പിക്കാതെയാണ് മത്സരങ്ങള്‍ നടക്കുന്നത്. അതിനാല്‍ കോവിഡിനെതിരായ മുന്‍കരുതല്‍ എന്ന നിലയില്‍ പന്തില്‍ തുപ്പല്‍ തേയ്ക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിനിടയില്‍ പാക് താരം മുഹമ്മത് ആമിര്‍ ഇക്കാര്യം ലംഘിച്ചു.
ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ പന്തെറിയുന്നതിന് മുമ്പ് ആമിര്‍ തന്റെ വിരലുകളില്‍ ഉമിനീര്‍ പുരട്ടുന്ന ദൃശ്യം ടെലിവിഷന്‍ ക്യാമറകള്‍ ഒപ്പിയെടുത്തു. ആമിര്‍ ഇത് പലതവണ ആവര്‍ത്തിച്ചിട്ടും അമ്പയര്‍മാരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെട്ടില്ല. നേരത്തെ വിന്‍ഡിനെതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ഡോം സിബ്ലി ഇക്കാര്യം ലംഘിച്ചപ്പോള്‍ ഇംഗ്ലീഷ് താരങ്ങള്‍ തന്നെ ഇക്കാര്യം അമ്പയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ഐ.സി.സിയുടെ നിര്‍ദേശമനുസരിച്ച് ഏതെങ്കിലും താരം പന്തില്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ അമ്പയര്‍മാര്‍ ടീമിന് മുന്നറിയിപ്പ് നല്‍കും. വീണ്ടും ആവര്‍ത്തിച്ചാല്‍ പെനാല്‍റ്റിയായി ബാറ്റിംഗ് ടീമിന് അഞ്ചു റണ്‍സ് അനുവദിക്കും.
കളിക്കാര്‍ക്കു കോവിഡ് ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണമെന്നതിനാല്‍ ചെറിയൊരു വീഴ്ച വന്‍ പ്രത്യാഘാതമാകും സൃഷ്ടിക്കുക.