പാകിസ്ഥാന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 18 വര്‍ഷത്തോളം നീണ്ട കരിയറിനാണ് 41-ാം വയസില്‍ മുഹമ്മദ് ഹഫീസ് തിരശീലയിട്ടിരിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റ മതിയാക്കിയെങ്കിലും താരം വിവിധ ടി20 ലീഗുകളില്‍ തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു.
‘പാകിസ്ഥാന്‍ ക്രിക്കറ്റിനൊപ്പം 18 വര്‍ഷം മുമ്പ് ആരംഭിച്ച സുന്ദരമായ യാത്രയ്ക്ക് ഇന്നു ഞാന്‍ ഔദ്യോഗികമായി വിരാമമിടുകയാണ്. എന്നും ഏറ്റവും അഭിമാനത്തോടെയാണ് ഞാന്‍ പാകിസ്ഥാന്‍ ജഴ്‌സി അണിഞ്ഞിട്ടുള്ളത്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആ ജഴ്‌സി അണിഞ്ഞപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ പതാക ഉയര്‍ന്നുപറക്കുന്നുവെന്ന് ഉറപ്പാക്കാനായിരുന്നു എന്റെ ശ്രമമത്രയും’ വിരമിക്കല്‍ പ്രഖ്യാപിച്ച് ഹഫീസ് പറഞ്ഞു.
2003ല്‍ സിംബാബ്വെയ്‌ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ഹഫീസ് ടി20 ലോക കപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സെമിഫൈനലിലാണ് അവസാനം കളിച്ചത്. 2018ല്‍ തന്നെ താരം ടെസ്റ്റില്‍ നിന്ന് വിരമിച്ചിരുന്നു.
പാകിസ്ഥാനായി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹഫീസ്. രാജ്യാന്തര ക്രിക്കറ്റിലാകെ 12,780 റണ്‍സ് നേടിയിട്ടുണ്ട്.