ഐ.പി.എല്ലൊക്കെ നിസ്സാരം, പിഎസ്എല്ലാണ് കളിക്കാന്‍ ഏറ്റവും പ്രയാസം; തുറന്നടിച്ച് റിസ്വാന്‍

ഐപിഎല്ലിനെക്കാളും മികച്ചത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗാണെന്ന് പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. പിഎസ്എല്ലാണ് കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ലീഗെന്നും അത്രത്തോളം കടുത്ത പോരാട്ടമാണ് ലീഗില്‍ നടക്കുന്നതെന്നും റിസ്വാന്‍ പറഞ്ഞു.

നേരത്തെ എല്ലാവരും പറഞ്ഞിരുന്നത് ഐപിഎല്ലില്‍ കളിക്കുന്നത് നോക്കൂവെന്നാണ്. എന്നാല്‍ പിഎസ്എല്ലില്‍ കളിച്ചതിന് ശേഷം അവര്‍ പറയുന്നത് പിഎസ്എല്ലാണ് കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ലീഗെന്നതാണ്. പിഎസ്എല്ലില്‍ പല പ്രമുഖ താരങ്ങളും ബെഞ്ചിലാണ്. അത്രത്തോളം കടുത്ത പോരാട്ടമാണ് ലീഗില്‍ നടക്കുന്നത്- മുഹമ്മദ് റിസ്വാന്‍ പറഞ്ഞു.

നിലവില്‍ ഐപിഎല്ലില്‍ പാക് താരങ്ങള്‍ കളിക്കുന്നില്ല. പാകിസ്ഥാന്‍ താരങ്ങള്‍ ഐപിഎല്ലിന്റെ തുടക്കത്തില്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തിന് ശേഷം രണ്ട് രാജ്യങ്ങളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഐപിഎല്ലില്‍ നിന്ന് പാക് താരങ്ങളെ പുറത്താക്കുകയായിരുന്നു.

പാകിസ്ഥാന്‍ താരങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യത്തെയും താരങ്ങള്‍ ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. പിഎസ്എല്ലിലെ താരപങ്കാളിത്തം ഐപിഎല്ലിന്റെ പകുതിപോലുമില്ല എന്നതാണ് വസ്തുത. കൂടാതെ പ്രതിഫല കണക്കിലും പിഎസ്എല്‍ ഏറെ പിന്നിലാണ്.