'മൂഡ് ശരിയല്ല, ഞാന്‍ കളി നിര്‍ത്തുകയാണ്'; ഞെട്ടിച്ച ഷമി

കളത്തില്‍ സന്തോഷിക്കാന്‍ ഏറെ വകയുണ്ടെങ്കിലും മൈതാനത്തിന് പുറത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് അത്ര നല്ല അനുഭവങ്ങളല്ല. കളത്തിലെ പരിക്കിനും ഫോമില്ലായ്മക്കും പുറമേ വ്യക്തിപരമായ പ്രശ്‌നങ്ങളും കളത്തിന് പുറത്ത് ഷമിയെ ആക്രമിക്കാനുണ്ട്. ഈ സാഹചര്യത്തില്‍ നില്‍ക്കെ 2018 ല്‍ താരം കളി നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ബോളിംഗ് പരിശീലകന്‍ ഭരത് അരുണ്‍.

ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു സംഭവം. വ്യക്തിപരമായ കാരണങ്ങളായിരുന്നു താരത്തെ വലിയ തീരുമാനത്തിലെത്തിച്ചത്. പോരാത്തതിന് യോ യോ ഫിറ്റ്‌നസ് പരീക്ഷ ജയിക്കാതെ ടീമിന് പുറത്തായതോടെ താരത്തിന് മാനസിക സമ്മര്‍ദവുമേറി. ‘രോഷപ്പെട്ടു നില്‍ക്കുകയാണ് ഞാന്‍. എനിക്ക് കളി നിര്‍ത്തണം’ എന്നായിരുന്നു ആവശ്യം.

ഉടന്‍ ഷമിയെയും കൂട്ടി രവി ശാസ്ത്രിക്കടുത്തെത്തി. വിഷയം അന്വേഷിച്ചപ്പോള്‍ ഇനി കളിക്കേണ്ടെന്ന് ശാസ്ത്രിയോടും ഷമി പറഞ്ഞു. കളി നിര്‍ത്തിയിട്ട് പിന്നെ എന്തു ജോലി എടുക്കുമെന്നായി ശാസ്ത്രിയുടെ ചോദ്യം. പന്തു കൈയിലെടുത്താല്‍ നന്നായി പന്തെറിയാന്‍ നിനക്കാകും. അതിനാല്‍ നാലാഴ്ച ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇത് ഷമിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു- ഭരത് അരുണ്‍ പറഞ്ഞു.

Read more

ബെംഗളൂരുവിലെ ദേശീയ അക്കാദമിയില്‍ നാലിനു പകരം അഞ്ചാഴ്ച നിന്നായിരുന്നു തിരിച്ചുവരവ്. ശരീരത്തിന്റെ ഫിറ്റ്‌നസ് വീണ്ടെടുത്തും മാനസിക നില ശരിപ്പെടുത്തിയും ഒന്നാം നമ്പര്‍ പേസറായി ഷമി വീണ്ടും ടീമില്‍ തിരിച്ചെത്തി. അഫ്ഗാന്‍ പരമ്പര നഷ്ടമായ താരം ഇംഗ്ലണ്ട് പര്യടനത്തിന് വീണ്ടും ടീമിലെത്തി. നിലവില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ പേസ് നിരയെ നയിക്കുന്നതും ഷമിയാണ്.