ഇംഗ്ലണ്ടിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലൂടെ അന്താരാഷ്ട്ര തലത്തില്‍ തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലെ (എന്‍സിഎ) പുനരധിവാസ പുരോഗതിയില്‍ മുഹമ്മദ് ഷമി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
2023 ഏകദിന ലോകകപ്പ് ഫൈനല്‍ അവസാനിച്ചതു മുതല്‍ കണങ്കാലിനേറ്റ പരുക്കിനെത്തുടര്‍ന്ന് മുഹമ്മദ് ഷമി കളിക്കുന്നില്ല. ലോകകപ്പില്‍ കണങ്കാല്‍ പരിക്കുമായാണ് പേസര്‍ കളിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കയില്‍ നടന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് അദ്ദേഹം പുറത്തായി.
ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് മുഹമ്മദ് ഷമി വിട്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ തന്റെ തിരിച്ചുവരവ് ലക്ഷ്യമിട്ട്, തന്റെ പുനരധിവാസത്തെക്കുറിച്ച് ഷമി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
എന്റെ പുനരധിവാസം നല്ല നിലയിലാണ്, എന്‍സിഎയിലെ മെഡിക്കല്‍ വിദഗ്ധര്‍ എന്റെ പുരോഗതിയില്‍ സന്തുഷ്ടരാണ്. എന്റെ കണങ്കാലിന് ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും അത് പ്രശ്‌നമുള്ളതല്ല. ഞാന്‍ എന്റെ പരിശീലന സെഷനുകള്‍ ആരംഭിച്ചു. ഇംഗ്ലണ്ട് പരമ്പരയില്‍ എനിക്ക് തിരിച്ചുവരവ് നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു- ഷമി പറഞ്ഞു.
ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ ഷമിയായിരുന്നു. മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ഉള്‍പ്പെടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 10.70 ശരാശരിയില്‍ 24 വിക്കറ്റുകളാണ് ഷമി നേടിയത്. സെമി-ഫൈനല്‍ സമയത്ത് അദ്ദേഹം ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബോളിംഗ് പ്രകടനം (7/57) രേഖപ്പെടുത്തി.
Read more
നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ട് ടീമിന് ആതിഥേയത്വം വഹിക്കും. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ജനുവരി 25 ന് ഹൈദരാബാദില്‍ ആരംഭിക്കും. തുടര്‍ന്ന് വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധര്‍മ്മശാല എന്നിവിടങ്ങളില്‍ ബാക്കി മത്സരങ്ങള്‍ നടക്കും.