ആഭ്യന്തര ക്രിക്കറ്റില്‍ ജന്മാനാടായ ഉത്തര്‍പ്രദേശിനെ (യുപി) പ്രതിനിധീകരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സ്റ്റാര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഷമി ജനിച്ച് വളര്‍ന്നത് യുപിയിലാണ്. പക്ഷേ അദ്ദേഹം ആഭ്യന്തര മത്സരങ്ങളില്‍ ബംഗാളിനെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. അടുത്തിടെ പ്യൂമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, രഞ്ജി ട്രോഫിയില്‍ സ്വന്തം സംസ്ഥാനത്തിനായി കളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മികച്ച പ്രകടനങ്ങള്‍ക്കിടയിലും ട്രയല്‍സില്‍ ആവര്‍ത്തിച്ചുള്ള തിരസ്‌കരണം താന്‍ നേടിട്ടെന്നും ഷമി വെളിപ്പെടുത്തി.
ഞാന്‍ 2 വര്‍ഷത്തോളം യുപി രഞ്ജി ട്രോഫി ടീമിനായി ട്രയല്‍സ് കളിക്കാന്‍ പോയിരുന്നു, എന്നാല്‍ അവസാന റൗണ്ടില്‍ എത്തുമ്പോഴെല്ലാം അവര്‍ എന്നെ പുറത്താക്കുകയായിരുന്നു. ആദ്യ വര്‍ഷം ട്രയല്‍സിന് ശേഷം എന്നെ തിരഞ്ഞെടുക്കാതിരുന്നപ്പോള്‍, അത് സ്വാഭാവികമാണെന്ന് ഞാന്‍ കരുതി. അടുത്ത തവണ വീണ്ടും ചെല്ലാമെന്ന് കരുതി, പക്ഷേ അടുത്ത വര്‍ഷം അത് തന്നെ ആവര്‍ത്തിച്ചു.
തിരഞ്ഞെടുക്കാത്തതിന്റെ കാരണം തിരക്കിയ സഹോദരന് സെലക്ടര്‍ നല്‍കിയ മറുപടിയും താരം പങ്കുവച്ചു. ‘അന്ന് എന്റെ സഹോദരന്‍ എന്നോടൊപ്പം താമസിച്ചിരുന്നു. അവര്‍ ചുമതലയുള്ള ഒരു മേധാവിയുമായി സംസാരിച്ചു. ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത പ്രതികരണമാണ് അന്ന് സഹോദരന് ലഭിച്ചത്. ‘എന്റെ കസേര തെറിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ ആ പയ്യനെ സെലക്ട് ചെയ്യും. അല്ലെങ്കില്‍ ക്ഷമിക്കണം’, ഷമി വെളിപ്പെടുത്തി.
ഈ അവഗണനയില്‍ മനംനൊന്ത് കൊല്‍ക്കത്തയിലേക്ക് ചേക്കേറിയ ഷമി ബംഗാളിനുവേണ്ടി കളിച്ച് ഇന്ത്യന്‍ ടീമിലെത്തി. പതിനഞ്ചാം വയസിലാണ് ഷമി കൊല്‍ക്കത്തയിലേക്ക് കുടിയേറിയത്. അവിടെ നിരന്തരമായ കഠിന പരിശീലനത്തിന്റെയും, ശ്രമങ്ങളുടെയും ഒടുവില്‍ ഷമി അണ്ടര്‍-22 ബംഗാള്‍ ടീമില്‍ ഇടം നേടി. പിന്നീട് രഞ്ജി ട്രോഫിയിലും അവര്‍ക്ക് വേണ്ടി കളിച്ച ഷമി ഗാംഗുലിയുടെയും ശ്രദ്ധയില്‍പ്പെട്ടു.
Read more
ബംഗാളിന് രഞ്ജി ട്രോഫിയ്ക്ക് പുറമെ, ദുലീപ് ട്രോഫി, ഇറാനി ട്രോഫി തുടങ്ങിയ പ്രധാന ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തന്റെ മികവ് തെളിയിച്ചതോടെ താരത്തിന് ഇന്ത്യ എ ടീമിലേക്ക് വിളിവന്നു. പിന്നീട് അങ്ങോട്ട് ഷമിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.