ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് സിറാജിന് സ്വപ്‌നതുല്യമായ അരങ്ങേറ്റമാണ് ലഭിച്ചത്. രണ്ട് ഇന്നിംഗ്‌സുകളിലായി അഞ്ച് വിക്കറ്റാണ് സിറാജ് നേടിയത്. ഈ പ്രകടനത്തോടെ കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സിറാജ് സ്വന്തമാക്കി.
അതോടൊപ്പം കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഓസീസ് മണ്ണിലെ ടെസ്റ്റ് അരങ്ങേറ്റത്തില്‍ അഞ്ചോ അതിലധികമോ വിക്കറ്റ് നേടുന്ന സന്ദര്‍ശക ബോളറെന്ന നേട്ടത്തില്‍ ശ്രീലങ്കന്‍ താരം ലാസിത് മലിംഗയ്ക്കൊപ്പവും സിറാജ് ഇടംപിടിച്ചു. ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത സിറാജ്, രണ്ടാം ഇന്നിംഗ്സില്‍ 37 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
മെല്‍ബണ്‍ ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ തോല്‍പ്പിച്ചത്. ഓസീസ് മുന്നോട്ടുവെച്ച 70 റണ്‍സിന്റെ വിജയലക്ഷ്യം 15.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്കായി ശുഭ്മാന്‍ ഗില്‍ 36 ബോളില്‍ 35 റണ്‍സെടുത്തും നായകന്‍ രഹാനെ 27 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
വിജയത്തോടെ ഇന്ത്യ ഇംഗ്ലണ്ടിന്റെ റെക്കോഡിനൊപ്പമെത്തി. മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ കുറിച്ച നാലാം ടെസ്റ്റ് വിജയമായിരുന്നു ഇന്നത്തേത്. ഇതോടെ ഇംഗ്ലണ്ടിനു ശേഷം മെല്‍ബണില്‍ നാല് ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.