ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഏകദിന ലോകകപ്പ് മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും ഡേവിഡ് വാർണറിന്റെയും ഗംഭീര സെഞ്ച്വറികളിലൂടെ 399 എന്ന കൂറ്റൻ സ്കോറാണ് ഓസ്ട്രേലിയ നെതർലന്റ്സിനെതിരെ പടുത്തുയർത്തിയിരിക്കുന്നത്.
ആദ്യ ഇന്നിംങ്സ് അവസാനിക്കുമ്പോൾ നിരവധി റെക്കോർഡുകൾ കൂടിയാണ് അവിടെ പിറവിയെടുത്തത്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി എന്ന റെക്കോർഡ് കേവലം 40 പന്തുകളിലാണ് മാക്‌സ്‌വെൽ സൃഷ്ടിച്ചത്. മാത്രമല്ല ഏറ്റവും വേഗതയേറിയ നാലാമത്തെ ഏകദിന സെഞ്ച്വറി കൂടിയായിരുന്നു മാക്‌സ്‌വെല്ലിന്റെത്.
ഇതൊന്നും കൂടാതെ മറ്റൊരു റെക്കോർഡ് കൂടി ഇന്നത്തെ ആദ്യ ഇന്നിങ്സിൽ പിറവിയെടുത്തിരുന്നു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ റെക്കോർഡ് പങ്കിടുന്നത് നിലവിൽ രണ്ട് ഓസ്ട്രേലിയൻ ബൗളർമാരായിരുന്നു. മുൻ ഓസ്ട്രേലിയൻ താരം മിക്ക് ലെവിസും നിലവിൽ ടീമിലുള്ള ആദം സാമ്പയുംമാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ആ താരങ്ങൾ. പത്ത് ഓവറുകളിൽ രണ്ടു പേരും വഴങ്ങിയത് 113 റൺസായിരുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം കാല കാലങ്ങളായി നാണക്കേടോടു കൂടി കൊണ്ടു നടക്കുന്ന ഒരു റെക്കോർഡ് ആയിരുന്നു ഇതെന്ന് വേണമെങ്കിൽ പറയാം.
ഇന്നത്തെ മത്സരത്തോട് കൂടി ആ നാണക്കേടും മാറ്റിയിരിക്കുകയാണ് ഓസ്ട്രേലിയ. അതിന് കാരണക്കാരൻ മാക്‌സ്‌വെൽ തന്നെയാണ്. മാക്‌സ്‌വെല്ലിന്റെ വെടിക്കെട്ടിലാണ് ബാസ് ഡീ ലീഡെ എന്ന ബൗളർ തകർന്നു തരിപ്പണമായാത്.
2 വിക്കറ്റ് നേടിയെങ്കിലും പത്ത് ഓവറിൽ 115 റൺസാണ് ഡീ ലീഡെ ഇന്നത്തെ മത്സരത്തിൽ വഴങ്ങിയത്. അതോടുകൂടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമെന്ന ആ റെക്കോർഡ് ഇനി നെതർലന്റ്സിന്റെ ബാസ് ഡീ ലീഡെയ്ക്ക് സ്വന്തം.