മൊട്ടേരയില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ പിച്ച് ഏറെ വിമര്‍ശനത്തിന് വഴിവെച്ചതിന്റെ പശ്ചാത്തലത്തില്‍ നാലാം ടെസ്റ്റിന് സാഹസ നീക്കത്തിനൊരുങ്ങി ബി.സി.സി.ഐ. നാലാം ടെസ്റ്റിനായി മൊട്ടേരയില്‍ ബാറ്റിംഗ് പിച്ച് ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
“മികച്ച പ്രതലമാണ് പ്രതീക്ഷിക്കുന്നത്. ബൗണ്‍സിംഗ് പിച്ചില്‍ റണ്ണൊഴുകുമെന്നാണ് കരുതുന്നത്. പരമ്പരാഗത ചുവപ്പ് ബോളില്‍ റണ്‍സൊഴുകുന്നത് കാണാം. മാര്‍ച്ച് 4-8 ഉയര്‍ന്ന സ്‌കോര്‍ വരുന്ന മത്സരം പ്രതീക്ഷിക്കാം” ബി.സി.സി.ഐ വൃത്തത്തെ ഉദ്ധരിച്ച് ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
വിമര്‍ശകരുടെ വായടപ്പിക്കുകയും ഇംഗ്ലണ്ടിനെ സുഖിപ്പിക്കുകയാണ് ബി.സി.സി.ഐയുടെ ലക്ഷ്യം. മൂന്നാം ടെസ്റ്റിന് സമാനമായ പിച്ച് നാലാം ടെസ്റ്റിലും ഒരുക്കിയാല്‍ ഇംഗ്ലണ്ട് ഔദ്യോഗികമായി പരാതിയുമായി മുന്നോട്ട് പോയേക്കുമെന്ന ഭയവും ബി.സി.സി.ഐയ്ക്കുണ്ട്.
മാര്‍ച്ച് നാലിനാണ് നാലാം ടെസ്റ്റ് ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ജയമല്ലെങ്കില്‍ സമനില അനിവാര്യമാണ്.