ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഇന്നത്തെ മത്സരത്തില്‍ പുതിയ റെക്കോഡ്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഇറങ്ങുന്നതോടെ കരിയറിലെ 400-ാമത്തെ ടി20 മത്സരമാണ് ധോണി ഇന്ന് കളിക്കുന്നത്. ഈ നേട്ടത്തില്‍ എത്തുന്ന നാലാമത്ത ഇന്ത്യന്‍ താരം കൂടിയാണ് ധോണി. രോഹിത് ശര്‍മ(456), ദിനേഷ് കാര്‍ത്തിക്ക്(412), വിരാട് കോഹ്ലി(408) തുടങ്ങിയവരാണ് ഇതിന് മുന്‍പ് 400 ടി20 മത്സരങ്ങള്‍ പിന്നിട്ട താരങ്ങള്‍. അന്താരാഷ്ട്ര തലത്തില്‍ എറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോഡ് വിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിനാണ്.
695 ടി20 മത്സരങ്ങളാണ് പൊളളാര്‍ഡ് തന്റെ കരിയറില്‍ കളിച്ചത്. വിന്‍ഡീസ് ടീമില്‍ സഹതാരമായിരുന്ന ഡ്വെയ്ന്‍ ബ്രാവോ 582 ടി20 കളിച്ച് പൊളളാര്‍ഡിന് പിന്നില്‍ രണ്ടാമത് നില്‍ക്കുന്നു. 557 ടി20 കളിച്ച പാകിസ്ഥാന്‍ മുന്‍താരം ഷോയിബ് മാലിക്കാണ് ഇവര്‍ക്ക് പിന്നിലുളളത്. നിലവില്‍ ക്രിക്കറ്റില്‍ തുടരുന്ന താരങ്ങളില്‍ റസല്‍ 546 ടി20 മത്സരങ്ങളുമായി മുന്നില്‍ നില്‍ക്കുന്നു.
400 ടി220 മത്സരങ്ങളില്‍ നിന്നായി 7566 റണ്‍സാണ് എംഎസ് ധോണി നേടിയിട്ടുളളത്. 38 ശരാശരിയും 135 സ്‌ട്രൈക്ക് റേറ്റിലുമാണ് ഈ നേട്ടം. 28 അര്‍ധശതകങ്ങള്‍ ധോണി തന്റെ ടി20 കരിയറില്‍ നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ 227 ക്യാച്ചുകളും 91 സ്റ്റംപിങ്ങുകളും സ്വന്തം പേരിലുണ്ട്. അഞ്ച് തവണയാണ് സിഎസ്‌കെ ടീമിനെ ധോണി ഐപിഎല്‍ കിരീട നേട്ടത്തില്‍ എത്തിച്ചിട്ടുളളത്. 40 വയസ് പിന്നിട്ട കളിക്കാരില്‍ നിലവില്‍ ധോണി മാത്രമാണ് ഇത്തവണ ഐപിഎല്‍ കളിക്കുന്നത്.