ധോണി ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് തിരിച്ചെത്തി ആരാധകര്‍ക്ക് സന്തോഷം സമ്മാനിച്ച മഹേന്ദ്ര സിങ് ധോണി യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തില്‍ തനിക്കുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ധോണിയെപ്പോലുള്ള താരങ്ങള്‍ വളരെ ചുരുക്കമാണ്. യുവതാരങ്ങളെ വളര്‍ത്തിയെടുത്ത് ക്രിക്കറ്റിന് ആഗോള മുഖം നല്‍കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ധോണി.

ഇതിന്റെ ഭാഗമായി സിംഗപ്പൂരില്‍ പുതിയ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ ആരംഭിച്ച എംഎസ് ധോണി ക്രിക്കറ്റ് അക്കാദമിക്കു സമാനമായതാണ് സിംഗപ്പൂരിലും ഒരുക്കുന്നത്. സിംഗപ്പൂരിലെ സെന്റ് പാട്രിക്ക് സ്‌കൂളിലാണ് അക്കാദമി സ്ഥാപിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ പ്രമുഖരായവര്‍ ഈ അക്കാദമയില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്രിക്കറ്റ് പാഠങ്ങള്‍ നല്‍കും.

ഒരു കുട്ടിയുടെ സ്വാഭാവ രൂപീകരണത്തില്‍ കായികത്തിനും വലിയ പ്രധാന്യമുണ്ട്. ശാരീരികക്ഷമത എന്നതിലപ്പുറം നേതൃത്വപാടവം അടക്കമുള്ള നിര്‍ണായക കാര്യങ്ങള്‍ സ്‌പോര്‍ട്‌സില്‍ നിന്നും കുട്ടികള്‍ക്ക് പഠിക്കാനുണ്ട്. ക്രിക്കറ്റിന് മാത്രമല്ല എംഎസ് ധോണി അക്കാദമി പ്രധാന്യം നല്‍കുന്നത്. ഏതു കായിക ഇനത്തിലും അവരെ യഥാര്‍ത്ഥ ജേതാക്കളാക്കാനുള്ള പദ്ധതിയാണ് അക്കാദമിക്കുള്ളത്. ധോണി വ്യക്തമാക്കി.