149 ഫോര്‍, 67 സിക്സ്, ഈ താരം ഒരിന്നിംഗ്സില്‍ വാരിക്കൂട്ടിയത് 1045 റണ്‍സ്

പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആയിരത്തിലധികം റണ്‍സടിച്ച കൂട്ടി ഇന്ത്യന്‍ കൗമാര താരം. നവി മുംബൈയില്‍ നടന്ന ഒരു പ്രാദേശിക ടൂര്‍ണമെന്റിലാണ് പതിനാലുകാരനായ തനിഷ്‌ക ഘവാട്ടെ രണ്ടു ദിവസം ബാറ്റു ചെയ്ത് 1045 റണ്‍സ് അടിച്ചെടുത്തത്.

നവി മുംബൈയിലെ യാഷ്വന്ത്രോ ചവാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്റിലാണ് തനിഷ്‌കയുടെ അത്ഭുത പ്രകടനം. ടൂര്‍ണമെന്റിലെ സെമി ഫൈനലിലായിരുന്നു തനിഷ്‌ക ഘവാട്ടെ ഇത്രയും റണ്‍സ് അടിച്ചെടുത്തതെന്ന് തനിഷ്‌കിന്റെ കോച്ച് മനീഷ് പിടിഐയോട് പറഞ്ഞു.

മത്സരത്തില്‍ 515 ബോളുകളില്‍നിന്നായി 149 ബൗണ്ടറികളും 67 സിക്സുകളും ഉള്‍പ്പെടുന്നതായിരുന്നു തനിഷ്‌കിന്റെ ഇന്നിംഗ്‌സ്.

അതേസമയം, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം നവി മുംബൈ ഷീല്‍ഡ് അണ്ടര്‍-14 ടൂര്‍ണമെന്റിന് ലഭിച്ചിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിര്‍ന്ന ഓഫീസര്‍ അറിയിച്ചു. ഇതോടെ ഈ പ്രകടനം റെക്കോര്‍ഡ് ബുക്കില്‍ കയറില്ലെന്ന് ഉറപ്പായി.