ഐപിഎല്ലിന്റെ 15ാം സീസണില്‍ മികച്ച ബൗളര്‍മാരില്ലാതെ കഷ്ടപ്പെടുന്ന മുംബൈ ബൗളിംഗ് നിര ശക്തമാക്കാൻ ഒരുങ്ങുന്നു. മെഗാലേലത്തിൽ ആർക്കും വേണ്ടാതിരുന്ന സ്റ്റാർ ബൗളർ ധവാൽ കുൽക്കർണിയെ മുംബൈ ടീമിലെടുത്തു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ആരും ടീമിൽ എടുക്കാത്തതിനാൽ സ്റ്റാർ സ്പോർട്സ് കമന്ററി പാനലിൽ ആയിരുന്ന കുൽക്കർണിയോട് ടീമിൽ ചേരാൻ ആവശ്യപെട്ടിരിക്കുകയാണ് മുംബൈ.
എത്ര വലിയ സ്കോർ ഉണ്ടെങ്കിലും അത് പ്രതിരോധിക്കാൻ ബുംറക്ക് ഒരു സഹായി ഇല്ലെന്നായിരുന്നു മുംബൈയുടെ പ്രശ്നം. വിദേശ താരങ്ങൾ എല്ലാം പ്രഹരം ഏറ്റുവാങ്ങുന്ന സാഹചര്യത്തിൽ മുംബൈക്കാരനായ കുൽക്കർണിയുടെ സേവനം സഹായമാകുമെന്നാണ് കരുതപ്പെടുന്നത്.
33കാരനായകുൽക്കർണി ഐപിഎല്ലില്‍ 92 മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും 86 വിക്കറ്റുകളും ലഭിച്ചു.മുംബൈ,രാജസ്ഥാൻ,പഴയ ഗുജറാത്ത് ലയൺസ് ടീമുകളുടെയും ഭാഗം ആയിരുന്നു താരം മുമ്പ് . വേഗതയേറിയ ബൗളർ അല്ലെങ്കിലും ന്യൂബോള്‍ നന്നായി സ്വിങ് ചെയ്യിക്കാനുള്ള കഴിവ് താരത്തിനുണ്ട്.
നാളെ നടക്കുന്ന മത്സരത്തിൽ അവസാന സ്ഥാനക്കാരിൽ ഒരാളും പ്രധാന ശത്രുവുമായ ചെന്നൈ ആണ് എതിരാളി. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും സെമി സാധ്യതകൾ ഇല്ലെങ്കിലും മാനം രക്ഷിക്കാനുള്ള പോരാട്ടത്തിനാണ് ശ്രമിക്കുന്നത്.