ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയെ മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം മാര്‍ക്ക് ബൗച്ചറെ മാറ്റിയാണ് മുംബൈ ഇന്ത്യന്‍സ് ജയവര്‍ധനെയെ തിരികെ കൊണ്ടുവന്നിരിക്കുന്നത്. ബൗച്ചറിന് കീഴില്‍ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തത്.
ജയവര്‍ധനെ 2017 മുതല്‍ 2022 വരെ എംഐയുടെ മുഖ്യ പരിശീലകനായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ടീം 2017, 2019, 2020 വര്‍ഷങ്ങളില്‍ മൂന്ന് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2022ല്‍ ടീമിന്റെ ഗ്ലോബല്‍ ഹെഡ് ഓഫ് പെര്‍ഫോമന്‍സ് എന്ന ചുമതല ജയവര്‍ധനെയ്ക്കായിരുന്നു.
ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ഏതെല്ലാം കളിക്കാരെ ടീമില്‍ നിലനിര്‍ത്തണം എന്ന് തീരുമാനിക്കുകയാണ് ജയവര്‍ധനെയ്ക്ക് മുന്‍പിലെ ആദ്യ വെല്ലുവിളി. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ 31 ആണ്.
നായകന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ, ജയ്പ്രീത് ബുമ്ര എന്നിവരെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത. എന്നാല്‍ അതേസമയം രോഹിത് ശര്‍മ്മ ടീം വിടുമെന്ന സംസാരങ്ങളും ശക്തമാണ്. ജയവര്‍ധനെയുടെ വരവോടെ ഇക്കാര്യത്തില്‍ സമന്വയമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.