ട്വന്റി20 ലോക കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിലെ, മുംബൈ ഇന്ത്യന്‍സിന്റെ പ്രതിനിധികളായ താരങ്ങളുടെ ആധിക്യം ചര്‍ച്ചാവിഷയമായിരുന്നു. അര്‍ഹതപ്പെട്ട ചിലരെ ഒഴിവാക്കി മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാര്‍ക്ക് പ്രാമുഖ്യം നല്‍കിയത് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ അമിത ഇടപെടല്‍ മൂലമാണെന്ന വാര്‍ത്തകളും വന്നു. ഏതായാലും, ലോക കപ്പ് ടീമില്‍ ഉള്‍പ്പെട്ട മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ ഐപിഎല്ലിന്റെ യുഎഇ ലെഗില്‍ നടത്തുന്ന പ്രകടനം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ടീമില്‍ ചില അഴിച്ചുപണികള്‍ക്ക് ബിസിസിഐയെ ഇതു പ്രേരിപ്പിച്ചേക്കാം.
ഓള്‍ റൗണ്ടര്‍മാരില്‍ ഏറ്റവും വിശ്വസ്തനും മത്സരം ഒറ്റയ്ക്കു ജയിക്കാന്‍ കഴിവുള്ളയാളുമായ ഹാര്‍ദിക് പാണ്ഡ്യയുടെ ഫോമാണ് ഇന്ത്യക്ക് പ്രധാനമായും തലവേദന സൃഷ്ടിക്കുന്നത്. ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച ഹാര്‍ദിക് നേടിയത് 60 റണ്‍സ് മാത്രം. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസും പ്രശ്‌നത്തിലാണ്. ബോള്‍ ചെയ്യാന്‍ സാധിക്കാത്ത ഹാര്‍ദിക് ടീമിന് എത്രത്തോളം പ്രയോജനപ്പെടുമെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഹാര്‍ദിക് താളം വീണ്ടെടുത്തില്ലെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ ബാലന്‍സിനെ അതു ബാധിക്കുമെന്നതില്‍ സംശയമില്ല.
ബാറ്റിംഗില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ പ്രാപ്തിയുള്ള സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും നിറംമങ്ങലും ഇന്ത്യക്ക് പ്രശ്‌നമാണ്. മധ്യനിരയില്‍ സൂര്യകുമാറില്‍ നിന്ന് ഇന്ത്യ ഏറെ പ്രതീക്ഷിക്കുന്നു. പക്ഷേ, യുഎഇയില്‍ 8, 5, 3, 0, 33 എന്നിങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി സൂര്യകുമാര്‍ സ്‌കോര്‍ ചെയ്തത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ പാളിയാല്‍ അത് ഇന്ത്യയുടെ സാദ്ധ്യതകളെ പിന്നോട്ടടിക്കും. അങ്ങനെയെങ്കില്‍ ശ്രേയസ് അയ്യരെ പരീക്ഷിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാവും.
ഐപിഎല്ലിന്റെ പ്രാഥമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കെ സൂര്യകുമാര്‍ ഫോം വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കാം. ഇഷാന്‍ കിഷന്‍ മുംബൈ നിരയില്‍ നിന്നു തന്നെ പുറത്താണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 34 റണ്‍സാണ് സമ്പാദ്യം. ഇഷാന്‍ ലോക കപ്പിലെ എത്ര മത്സരങ്ങളില്‍ ഫൈനല്‍ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
യുസ്‌വേന്ദ്ര ചഹലിനെ മറികടന്ന് ഇന്ത്യയുടെ സ്പിന്‍ നിരയില്‍ ഉള്‍പ്പെടുത്തപ്പെട്ട രാഹുല്‍ ചഹാറും മോശം പ്രകടനങ്ങളുടെ പിടിയില്‍ തന്നെ. യുഎഇയില്‍ പന്ത് കൊണ്ട് ഇന്ദ്രജാലം കാട്ടാന്‍ യുവ ലെഗ് സ്പിന്നര്‍ക്ക് സാധിക്കുന്നില്ല. റണ്‍സും ധാരാളം വഴങ്ങുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാഹുലിനെ ഒഴിവാക്കിയിരുന്നു.
ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പിലെ നെടുംതൂണായ രോഹിത് ശര്‍മ്മയും പതിവു ഫോമിലല്ല. ഐപിഎല്‍ യുഎഇ പാദത്തിലെ നാല് മത്സരങ്ങളില്‍ ഹിറ്റ്മാന്‍ സമ്പാദിച്ചത് 91 റണ്‍സ്. അവസാന രണ്ടു മത്സരങ്ങളില്‍ രോഹിത് രണ്ടക്കം തികച്ചിട്ടില്ല. ലോക കപ്പിന് ആതിഥ്യം വഹിക്കുന്ന യുഎഇയിലാണ് രോഹിത് കളി മറക്കുന്നതെന്നത് മറ്റൊരു കാര്യം. എങ്കിലും രോഹിത്തിനെപോലൊരു ബാറ്റര്‍ക്ക് ഏതു സമയത്തും ഫോം വീണ്ടെടുക്കാനും എതിര്‍ നിരയെ നിലംപരിശാക്കാനും കഴിയും. അതിനാല്‍ത്തന്നെ ടീമിലെ അഭിവാജ്യ ഘടകമായി രോഹിത് തുടരുമെന്നതില്‍ സംശയമില്ല.