മുംബൈ ടെസ്റ്റ്: ഇന്ത്യയ്ക്ക് ആശ്വാസം, കിവീസ് നിരയില്‍ സൂപ്പര്‍ താരം ഉണ്ടാവില്ല

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം കെയ്ന്‍ വില്യംസണ്‍ ഇന്ത്യയ്‌ക്കെതിരായി നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യയിലെത്തില്ല. ഇംഗ്ലണ്ടിനെതിരായ സുപ്രധാന ഹോം പരമ്പരയില്‍ താരത്തിന്റെ പൂര്‍ണ്ണ ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ കിവീസ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചതിനാലാണ് ഇത്. പരമ്പര 3-0 ന് തൂത്തുവാരാനാണ് ന്യൂസിലന്‍ഡ് ശ്രമിക്കുന്നതെങ്കിലും, അവരുടെ നായകന്റെ ദീര്‍ഘകാല ക്ഷേമത്തിനാണ് പ്രധാന മുന്‍ഗണന.

ഇന്ത്യന്‍ പരമ്പരയ്ക്ക് തൊട്ടുമുമ്പ് ശ്രീലങ്കന്‍ പര്യടനത്തിനിടെ വില്യംസണിന് ഞരമ്പിന് പരിക്കേറ്റിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പരയുടെ മധ്യത്തില്‍ അദ്ദേഹം ടീമില്‍ ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ അഭാവത്തില്‍ ബ്ലാക്ക് ക്യാപ്സ് ആദ്യ രണ്ട് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ രേഖപ്പെടുത്തി, ഇന്ത്യയില്‍ അവരുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയിച്ചു.

മൂന്നാം ടെസ്റ്റ് നവംബര്‍ 1 ന് മുംബൈയില്‍ ആരംഭിക്കാനിരിക്കെ, വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്ക് അദ്ദേഹം പൂര്‍ണ യോഗ്യനാണെന്ന് ഉറപ്പാക്കാന്‍ ന്യൂസിലന്‍ഡ് അവരുടെ സ്റ്റാര്‍ ബാറ്ററെ നാട്ടില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനിച്ചു.

‘കെയ്ന്‍ നല്ല സൂചനകള്‍ കാണിക്കുന്നത് തുടരുന്നു. പക്ഷേ വിമാനത്തില്‍ ചാടിക്കേറി ഞങ്ങളോടൊപ്പം ചേരാന്‍ തയ്യാറല്ല. കാര്യങ്ങള്‍ പ്രതീക്ഷ നല്‍കുന്നതായി കാണുമ്പോള്‍, ന്യൂസിലന്‍ഡില്‍ താമസിച്ച് അവസാന ഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഏറ്റവും നല്ല നടപടിയെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ അവന്‍ ഇംഗ്ലണ്ടിലേക്ക് പോകുന്നതാണ് നല്ലതാണ്’ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.