അന്താരാഷ്ട്ര ക്രിക്കറ്റിലെ വലിയൊരു നാണംകെട്ട റെക്കോഡിന്റെ കിരീടമണിഞ്ഞ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫിഖര്‍ റഹീം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം തോല്‍ക്കുന്ന താരമെന്ന നാണക്കേടാണ് മുഷ്ഫിഖറിനെ തേടിയെത്തിയിരിക്കുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തോറ്റതോടെയാണ് ആ റെക്കോഡിലേക്ക് താരം എത്തിയത്. താരത്തിന്റെ 257ാമത്തെ മത്സര തോല്‍വിയായിരുന്നു ഇത്.
മുഷ്ഫിഖര്‍ തലപ്പത്തോട്ടു വന്നതോടെ സിംഹാനം ഒഴിഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 256 തോല്‍വികളുടെ ഭാഗമായിരുന്നു സച്ചിന്‍. 249 തവണ തോല്‍വി വഴങ്ങിയ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ 241 മത്സരം തോറ്റപ്പോള്‍ ശ്രീലങ്കന്‍ മുന്‍ നായകനും ഇതിഹാസവുമായ സനത് ജയസൂര്യ 240 മത്സരവും തോറ്റു. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ 234 മത്സരങ്ങളിലും തോല്‍വി രുചിച്ചു.
ന്യൂസിലാന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശിന് നാല് വിക്കറ്റിനാണ് അടിയറവു പറയേണ്ടി വന്നത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലന്‍ഡ് 6 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.