ക്യാച്ച് എടുക്കുന്നത് തടസ്സപ്പെടുത്തിയ സഹതാരത്തെ തല്ലാനോങ്ങിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. തന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്നും മുഷ്ഫിഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
“എന്റെ ആരാധകരോടും, കാണികളോടും ഇന്നലെ കളിക്കിടയില്‍ സംഭവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്. കളിക്ക് ശേഷം സഹതാരം നൗസുമിനോട് ഞാന്‍ ക്ഷമ ചോദിച്ചു. പൊറുക്കാന്‍ ദൈവത്തിനോടും ഞാന്‍ ആവശ്യപ്പെടുന്നു. എല്ലാത്തിലും ഉപരി ഞാനൊരു മനുഷ്യനാണ്. എന്റെ ഭാഗത്ത് നിന്നുമുണ്ടായ പെരുമാറ്റം ഒരിക്കലും അംഗീകരിക്കാനാവില്ല. ഭാവിയില്‍ ഗ്രൗണ്ടിലും പുറത്തും അങ്ങനെയൊന്ന് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ വാക്ക് നല്‍കുന്നു” മുഷ്ഫിഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കൂട്ടിയിടിയിലേക്ക് എത്തുന്നതിന് മുമ്പ് മുഷ്ഫിഖര്‍ ക്യാച്ച് കൈക്കലാക്കിയിരുന്നു. ക്യാച്ചെടുത്തതിന് പിന്നാലെ നൗസിന് നേരെ മുഷ്ഫിഖര്‍ കൈയോങ്ങി. സഹതാരങ്ങള്‍ എത്തി സമാധാനിപ്പിച്ചെങ്കിലും മുഷ്ഫിഖര്‍ ദേഷ്യത്തോടെ നൗസിനോട് സംസാരിക്കുന്നത് തുടര്‍ന്നു. സംഭവത്തില്‍ മുഷ്ഫിഖറിന്റെ ഭാഗത്തായിരുന്നു പിഴവ് സംഭവിച്ചത്. നൗസിന്റെ മുന്നിലേക്ക് ഓടിക്കയറിയാണ് മുഷ്ഫിഖര്‍ ക്യാച്ചെടുത്തത്. സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് താരം ക്ഷമ പറഞ്ഞ് തലയൂരിയത്.