അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്നലെ അവിസ്മരണീയമായ ഒരു ദിവസമായി മാറി. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ തോൽവിക്ക് വിരാമമിട്ട് 2025 ഐപിഎല്ലിൽ വിജയവഴിയിലേക്ക് ടീം തിരിച്ചുവന്നത് ഇന്നലത്തെ മത്സരത്തിലൂടെ ആയിരുന്നു. മുംബൈ ഇന്ത്യൻസിനെതിരെ വിജയത്തോടെയാണ് സിഎസ്‌കെ തങ്ങളുടെ സീസൺ ആരംഭിച്ചത്. എന്നാൽ പിന്നീട് ടീം തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോറ്റു. എന്നിരുന്നാലും, ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ അഞ്ച് വിക്കറ്റ് വിജയത്തോടെ എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം തിരിച്ചുവന്നു സീസണിൽ ട്രാക്കിൽ തിരിച്ചെത്തുക ആയിരുന്നു. ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത സിഎസ്‌കെ എൽഎസ്‌ജിയെ 20 ഓവറിൽ 166/7 എന്ന നിലയിൽ ഒതുക്കി. പിന്നീട്, മൂന്ന് പന്തുകൾ ബാക്കി നിൽക്കെ അവർ ലക്ഷ്യം പിന്തുടർന്ന് നിർണായകമായ രണ്ട് പോയിന്റുകൾ നേടി.
ലക്നൗ സിഎസ്‌കെ ഉയർത്തിയ റൺ പിന്തുടരുന്നതിന്റെ 111/5 എന്ന നിലയിൽ ബുദ്ധിമുട്ടുകയായിരുന്നു, 30 പന്തിൽ നിന്ന് 56 റൺസ് വേണ്ടിയിരുന്നപ്പോൾ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങി ശിവം ദുബെയുമായി നല്ല ഒരു കൂട്ടുകെട്ടിന്റെ ഭാഗമായി. തുടർന്ന് ഇരുവരും അപരാജിതമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് സിഎസ്‌കെയെ വിജയത്തിലേക്ക് നയിച്ചു.
സിഎസ്‌കെയുടെ വിജയം ആഘോഷിക്കാൻ, ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റനും മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റ്‌സ്മാനുമായ സൂര്യകുമാർ യാദവ് ഇൻസ്റ്റാഗ്രാമിൽ എത്തി ഒരു പോസ്റ്റ് പങ്കിട്ടു. ധോണിയുടെയും ദുബെയുടെയും ചിത്രം പങ്കുവെക്കുകയും പ്രശസ്ത ബോളിവുഡ് ചിത്രമായ എംഎസ് ധോണി – ദി അൺടോൾഡ് സ്റ്റോറിയിൽ നിന്നുള്ള ഒരു ഡയലോഗ് ഉപയോഗിച്ച് അതിന് അടിക്കുറിപ്പ് നൽകുകയും ചെയ്തു.
“ധോണി – ഞാൻ സ്ട്രൈക്ക് തന്നാൽ നിങ്ങൾ മത്സരം ജയിപ്പിക്കുമോ?
ദുബെ – ഞാൻ ശ്രമിക്കാം.
ധോണി – ഞാനും ശ്രമിക്കാം. നിങ്ങൾ എന്നെ റൺ ഔട്ടാക്കരുത്” എന്ന അടിക്കുറിപ്പും നൽകി.
ടീം തകരുന്ന സമയത്ത് ദുബൈക്ക് ഒപ്പം ക്രീസിൽ എത്തിയ ധോണിക്ക് ചില പദ്ധതി ഉണ്ടായിരുന്നു. താൻ പുറത്തായാൽ ടീം തകരുമെന്ന് മനസിലായ താരം കരുതിയാണ് തുടങ്ങിയത്. എന്നാൽ ശിവം ദുബൈ സമ്മർദ്ദത്തിലായി തുടങ്ങി എന്ന് മനസിലാക്കിയ ധോണി ആവേഷ് ഖാൻ എറിഞ്ഞ മത്സരത്തിന്റെ 16 ആം ഓവറിൽ രണ്ട് ബൗണ്ടറികൾ നേടി ടീമിന് പ്രതീക്ഷകൾ വീണ്ടും നൽകി.
തൊട്ടടുത്ത ഓവറിൽ അതായത് 17 ആം ഓവറിൽ, താക്കൂർ എറിഞ്ഞ രണ്ടാം പന്തിൽ ബൗണ്ടറി നേടിയ ദുബൈ താനും കൂൾ ആയി വരുന്നു എന്ന സൂചന നൽകി. ആ ഓവറിന്റെ അവസാന പന്തിൽ ധോണി മിഡ്‌വിക്കറ്റിന് മുകളിലൂടെ താരത്തെ വൺ ഹാൻഡ് സിക്സിന് പറത്തി കളി തങ്ങളുടെ കൈയിൽ ആണെന്ന് ഉറപ്പിച്ചു. ശേഷം ആവേഷ് എറിഞ്ഞ 18 ആം ഓവറിൽ 7 റൺ മാത്രമാണ് ടീമിന് നേടാനായത്.
ഇതോടെ അവസാന 2 ഓവറിൽ 24 റൺ വേണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തി. എന്നാൽ നിർണായകമായ 19 ആം ഓവർ എറിഞ്ഞ താക്കൂറിന്റെ പിഴച്ചപ്പോൾ ധോണി- ദുബൈ സഖ്യം 19 റൺസാണ് അടിച്ചുകൂട്ടിയത്. പിന്നെ കാര്യങ്ങൾ എല്ലാം വെറും ചടങ്ങ് പോലെ അവസാനിച്ചു. അവസാന ഓവറിന്റെ മൂന്നാം പന്തിൽ ബൗണ്ടറി നേടി ദുബൈ ചെന്നൈ ആരാധകർ ആഗ്രഹിച്ച ജയം സമ്മാനിച്ചു. 57 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ദുബൈ- ധോണി സഖ്യം സ്ഥാപിച്ചത്. ഇതിൽ ധോണിയുടെ കൂൾ ബാറ്റിങ്ങും സാഹചര്യം നോക്കിയുള്ള കളിയുമാണ് സമർദ്ദത്തിലായ ദുബൈ( 37 പന്തിൽ 46 ) സഹായിച്ചത്.
11 പന്തിൽ 26 റൺ നേടിയ ധോണി 4 ബൗണ്ടറിയും 1 സിക്‌സും നേടി മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ചെന്നൈ ബോളിങ് സമയത്ത് ക്യാച്ചും സ്റ്റമ്പിങ്ങും ഗംഭീര റണ്ണൗട്ടുമായി കളം നിറഞ്ഞ ധോണിക്ക് അർഹതപ്പെട്ട സമ്മാനം തന്നെയായി അവാർഡ് .