മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ഐപിഎൽ പ്ലെ ഓഫിലേക്ക് കയറാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് തെറ്റ് പറ്റി. ഈ വർഷത്തെ ഐപിഎലിൽ ഏറ്റവും മോശമായ ടീമിന് വേണ്ടിയുള്ള മത്സരത്തിലാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ.
രാജസ്ഥാൻ റോയൽസിന്റെ സമീപനങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം അമ്പാട്ടി റായുഡു. ഐപിഎൽ കിരീടത്തേക്കാൾ യുവതാരങ്ങൾക്കായി അമിത പണം ചെലവഴിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ നിലപാടെന്നാണ് റാഡുഡുവിന്റെ വിമർശനം.
അമ്പാട്ടി റായുഡു പറയുന്നത് ഇങ്ങനെ:
” വർഷങ്ങളായി യുവതാരങ്ങൾക്കു വേണ്ടി രാജസ്ഥാൻ റോയൽസ് ഒരുപാട് നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതിൽനിന്ന് എന്താണ് റോയൽസ് മാനേജ്മെന്റിന് ലഭിക്കുന്നത്? രാജസ്ഥാൻ റോയൽസ് ഒരു ഐപിഎൽ കിരീടം നേടിയിട്ട് 17 വര്‍ഷം പിന്നിടുകയാണ്. യുവതാരങ്ങളാണ് കരുത്തെന്ന് അവർ പറയുന്നു. എന്നാൽ ഐപിഎൽ വിജയിക്കാനുള്ള പോരാട്ടം രാജസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല”
അമ്പാട്ടി റായുഡു തുടർന്നു:
” ഐപിഎൽ വിജയിക്കുകയാണ് എല്ലാ ടീമുകളുടെയും ലക്ഷ്യം. എന്നാൽ രാജസ്ഥാൻ ഐപിഎൽ നേടാനുള്ള തീരുമാനങ്ങളൊന്നും സ്വീകരിക്കുന്നില്ല. ഐപിഎൽ കിരീടമൊന്നും രാജസ്ഥാന് വേണ്ടെയെന്നാണ് എന്റെ ചോദ്യം. വിജയത്തിലേക്കുള്ള വഴിയാണ് ഇതെന്ന് എല്ലാ വർഷവും രാജസ്ഥാൻ പറയുന്നു. യുവതാരങ്ങളെ ക്രിക്കറ്റ് ലോകത്തിനു സംഭാവന ചെയ്യുന്നതിൽ നന്ദിയുണ്ടാകണമെന്നാണ് റോയൽസ് മാനേജ്മെന്റിന്റെ ആഗ്രഹം” അമ്പാട്ടി റായുഡു പറഞ്ഞു.