2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ചെന്നൈ സൂപ്പർ കിംഗ്‌സിനായി എംഎസ് ധോണി കളിക്കളത്തിൽ തിരിച്ചെത്തും. മാർച്ച് 23 ന് ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരിയാണ് ചെന്നൈയുടെ ആദ്യ പോരാട്ടം നടക്കുന്നത്. എന്തായാലും തങ്ങളുടെ ഹീറോയുടെ ഒരു വർഷത്തിന് ശേഷമുള്ള കളത്തിലേക്കുള്ള വരവിന് ആരാധകർ കാത്തിരിക്കുക ആണ്.
ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ ക്യാപ്റ്റൻസിയിലാണ് ധോണി കളിക്കാൻ ഇറങ്ങുന്നത്. എന്തായാലും ടൂർണമെന്റിന്റെ 18-ാം സീസണിൽ ഒരു വലിയ റെക്കോർഡ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇതിഹാസം. 400 ടി20കളും, 350 ഏകദിനങ്ങളും, 50-ലധികം ടെസ്റ്റ് മത്സരങ്ങളും കളിച്ച ലോകത്തിലെ ആദ്യ ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹം മാറും.
350 ഏകദിനങ്ങളും, 90 ടെസ്റ്റുകളും, 98 ടി20 മത്സരങ്ങളുമായാണ് എംഎസ്ഡി തന്റെ അന്താരാഷ്ട്ര കരിയർ പൂർത്തിയാക്കിയത്. മൊത്തത്തിൽ, അദ്ദേഹം 391 ടി20 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ടി 20 യിൽ 400 മത്സരങ്ങൾ പൂർത്തിയാക്കാൻ ധോണിക്ക് വെറും 9 മത്സരങ്ങൾ മാത്രം മതി.
നിരവധി ക്രിക്കറ്റ് താരങ്ങൾ ടി20 ഫോർമാറ്റിൽ 400 മത്സരങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ ആരും ആ കൂട്ടത്തിൽ 350 ഏകദിനങ്ങളും 50 ടെസ്റ്റുകളും കളിച്ചിട്ടില്ല. ഏപ്രിൽ 25 ന് ചെന്നൈയിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് സിഎസ്‌കെയുടെ സീസണിലെ ഒമ്പതാമത്തെ മത്സരം.
400 ൽ കൂടുതൽ ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള രണ്ട് ഇന്ത്യൻ കളിക്കാരാണ് രോഹിത് ശർമ്മയും ദിനേശ് കാർത്തിക്കും. ഉടൻ തന്നെ ആ ലിസ്റ്റിലേക്ക് വിരാട് കോഹ്‌ലിയും എത്തും, താരം നിലവിൽ 399 ടി 20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.