നാഗ്പൂര്‍ ടെസ്റ്റ്; കോഹ്ലിക്ക് സെഞ്ച്വറി, ഇന്ത്യക്ക് 209 റണ്‍സിന്റെ ലീഡ്

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മേല്‍ക്കൈ നേടി ഇന്ത്യ. മൂന്നാം ദിനം 312 ന് രണ്ട് എന്ന നിലയില്‍ കളിയാരംഭിച്ച ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 209 റണ്‍സിന്റെ ലീഡായി.

കരിയറിലെ 19-ാം സെഞ്ചുറി നേട്ടത്തോടെ 128 റണ്‍സുമായി കോഹ്ലിയും ഏഴു റണ്‍സുമായി രോഹിത് ശര്‍മയുമാണ് ക്രീസില്‍. ഇന്ന് 143 റണ്‍സ് നേടിയ പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ഷനകയ്ക്കാണു വിക്കറ്റ്. 362 പന്തില്‍നിന്നാണ് പൂജാര 143 റണ്‍സ് നേടിയത്. ഇതില്‍ 14 ബൗണ്ടറികളും ഉള്‍പ്പെടുന്നു.മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കോഹ്ലിക്കൊപ്പം 183 റണ്‍സ് നേടിയാണ് പൂജാരയുടെ മടക്കം.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 205 റണ്‍സിന് പുറത്തായിരുന്നു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ ആര്‍ അശ്വിനും ജഡേജയും ഇശാന്ത് ശര്‍മ്മയും ചേര്‍ന്ന് കുറഞ്ഞ സ്‌കോറിന് പറഞ്ഞയക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് സമനിലയായതോടെ, മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്നു ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. അതിവേഗം ലീഡ് ഉയര്‍ത്തിയ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുക.