ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര: തോല്‍വിയിലും രണ്ട് പോസിറ്റീവുകള്‍ കണ്ടെത്തി ബംഗ്ലാദേശ് നായകന്‍

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലെ ബാറ്റിംഗ് പ്രകടനത്തില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ അതൃപ്തി രേഖപ്പെടുത്തി. എന്നിരുന്നാലും, പരമ്പരയില്‍ നിന്ന് രണ്ട് പോസിറ്റീവുകളും അദ്ദേഹം വെളിപ്പെടുത്തി. കാണ്‍പൂര്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും കളി സാധ്യമായില്ല. ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ ആദ്യ ദിനം 35 ഓവര്‍ മാത്രമാണ് എറിഞ്ഞത്. എന്നിരുന്നാലും, സന്ദര്‍ശകരെ 7 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കി. ചെന്നൈയില്‍ 280 റണ്‍സിനും ഇന്ത്യ വിജയിച്ചു.

രണ്ടാം ടെസ്റ്റില്‍ ഞങ്ങളുടെ ബാറ്റര്‍മാര്‍ ഒരുപാട് പന്തുകള്‍ കളിച്ചെങ്കിലും റണ്‍സ് നേടാനായി ക്രീസില്‍ നിന്നില്ല. അവര്‍ റണ്‍സ് ശേഖരിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍, തോല്‍വി ഒഴിവാക്കാന്‍ ഞങ്ങള്‍ക്ക് അവസരമുണ്ടാകുമായിരുന്നു.

രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ മൊമിനുള്‍ ഹഖ് സെഞ്ച്വറി നേടിയത് കാണാന്‍ നല്ലതായിരുന്നു. പരമ്പരയിലുടനീളം മെഹിദി ഹസന്‍ മിറാസ് ഗംഭീരമായിരുന്നു. ഭാവിയിലും ഇത്തരമൊരു പ്രകടനം അദ്ദേഹം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ഷാന്റോ കൂട്ടിച്ചേര്‍ത്തു.

രണ്ട് കളികളില്‍ നിന്നായി 9 വിക്കറ്റ് വീഴ്ത്തിയ മിറാസ് ബാറ്റുകൊണ്ടും തന്റെ കഴിവ് തെളിയിച്ചു. മറുവശത്ത്, രണ്ടാം ഗെയിമിന്റെ ആദ്യ ഇന്നിംഗ്സില്‍ മോമിനുളിന് 107 റണ്‍സെടുക്കാനായി.