ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ നമാന്‍ ഓജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഓജ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്.
“20 വര്‍ഷത്തെ ഫസ്റ്റ്ക്ലാസ് കരിയറിനും മറ്റ് നിരവധി മത്സരങ്ങളുടെയും ഭാഗമായ ഞാന്‍ മാറി നില്‍ക്കേണ്ട സമയമായെന്ന് തോന്നുന്നു. ജീവിതത്തിലെ ദീര്‍ഘവും മനോഹരവുമായ യാത്രയായിരുന്നു അത്. രാജ്യത്തിനു വേണ്ടിയും എന്റെ സംസ്ഥാനത്തിനു വേണ്ടിയും കളിക്കുകയെന്ന എന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ഒപ്പം നിന്നവര്‍ക്ക് എന്റെ നന്ദി. പരിശീലകര്‍, ഫിസിയോ, സെലക്ടര്‍മാര്‍, നായകന്മാര്‍, സഹതാരങ്ങള്‍, കുടുംബാഗങ്ങള്‍, സുഹൃത്തുക്കള്‍, ബിസിസിഐ എന്നിവരോടെല്ലാം എന്റെ നന്ദി അറിയിക്കുന്നു” ഓജ പറഞ്ഞു.
ഇന്ത്യക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുള്ള താരമാണ് 37കാരനായ ഓജ. 146 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 9753 റണ്‍സും 143 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 4278 റണ്‍സും ഓജയുടെ പേരിലുണ്ട്. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റിലും ഒരു ഏകദിനത്തിലും രണ്ട് ടി-20യിലുമാണ് ഓജ കളിച്ചിട്ടുള്ളത്.
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകള്‍ക്ക് വേണ്ടി ഓജ കളിച്ചിട്ടുണ്ത്. 113 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്ന് 20.72 ശരാശരിയില്‍ 1554 റണ്‍സ് ഓജയുടെ പേരിലുണ്ട്. 6 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഓജയുടെ ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സാണ്.