ഉള്ളത് പറയാമല്ലോ ആ യുവതാരത്തിന് തിളങ്ങാനുള്ള അവസരം ചെന്നൈ നൽകുന്നില്ല, ഞങ്ങളുടെ ടീമിൽ അവനെ കിട്ടണമായിരുന്നു; ട്വീറ്റുമായി ഐസ്‌ലാൻഡ് ക്രിക്കറ്റ്

ഐപിഎല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻറ്സിന് എട്ട് വിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു . ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിൽ ലഖ്നൗ 19 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുക ആയിരുന്നു.

ലുക്‌നോവിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് വേണ്ടി ബാറ്റർമാർ റൺ കണ്ടെത്താൻ ശരിക്കും ബുദ്ധിമുട്ടി. രവീന്ദ്ര ജഡേജയുടെ അർദ്ധ സെഞ്ചുറിയും ധോണിയുടെ അവസാന നിമിഷ വെടിക്കെട്ടുമാണ് ചെന്നൈയെ മാന്യമായ സ്കോറിലെത്തിച്ചത്. ധോണിയുടെ വെടിക്കെട്ട് പ്രകടനം കണ്ട ശേഷം ഐസ്‌ലാൻഡ് ക്രിക്കറ്റിൻ്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ ഐപിഎല്ലിലെ എംഎസ് ധോണിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പങ്കിട്ടു. അത് എന്തായാലും വൈറലായിരിക്കുകയാണ്. ധോണി എട്ടാം നമ്പറിനേക്കാൾ മുമ്പ് തന്നെ ബാറ്റിംഗിന് ഇറങ്ങണം എന്നാണ് അവർ പറഞ്ഞത്.

അവസാന നിമിഷം ഇറങ്ങിയ ധോണി ഒമ്പത് പന്തിൽ നിന്ന് 28* റൺസ് നേടി. വെറ്ററൻ കീപ്പർ-ബാറ്റർ തൻ്റെ ഇന്നിംഗ്‌സിൽ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി.ധോണിയെക്കുറിച്ച് ഐസ്‌ലാൻഡ് ക്രിക്കറ്റ് എഴുതിയത് ഇങ്ങനെയാണ്.

“എംഎസ് ധോണി ഐസ്‌ലൻഡിനായി കളിച്ചാൽ 8-നേക്കാൾ അൽപ്പം ഉയർന്ന് ബാറ്റ് ചെയ്യും. അവൻ ഒരു നല്ല യുവപ്രതീക്ഷയാണെന്ന് തോന്നുന്നു, സിഎസ്‌കെയിൽ തൻ്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുന്നില്ല.”

അതേസമയം ധോണി കുറച്ച് കൂടി നേരത്തെ ഇറങ്ങണം എന്ന അഭിപ്രായം പല വിദഗ്ധരും പങ്ക് വെക്കാറുണ്ട്.