രാജ്യത്തെ യുവ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന നാഷണല്‍ ക്രിക്കറ്റ് അക്കാദമിക്ക് (എന്‍.സി.എ.) പുതിയ തലവന്‍ വരുന്നു. മുന്‍ ബാറ്റര്‍ വി.വി.എസ് ലക്ഷ്മണ്‍ എന്‍.സി.എ. ഡയറക്ടര്‍ പദവി ഏറ്റെടുക്കുമെന്നാണ് വിവരം.
രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പരിഗണക്കിപ്പെടുന്ന സാഹചര്യത്തിലാണ് എന്‍.സി.എയുടെ തലപ്പത്ത് ലക്ഷ്മണിനെ എത്തിക്കാന്‍ ബിസിസിഐ ശ്രമം ആരംഭിച്ചത്. എന്‍.സി.എ ഡയറക്ടര്‍ പദവി ലക്ഷ്മണ്‍ ആദ്യം നിരസിച്ചിരുന്നു. എന്നാല്‍ ലക്ഷ്മണിന്റെ മനസ്സ് മാറ്റാനാകുമെന്നാണ് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയുടെ പ്രതീക്ഷ.
എന്‍.സി.എയുടെ ആസ്ഥാനം ബംഗളരൂവിലാണ്. ലക്ഷ്മണ്‍ ഹൈദരാബാദിലാണ് താമസം. എന്‍.സി.എയുടെ ചുമതലയേറ്റെടുത്താല്‍ ലക്ഷ്മണ്‍ ബംഗളൂരുവിലേക്ക് താമസം മാറ്റാന്‍ പ്രേരിതനാകും. വര്‍ഷത്തില്‍ 200 ദിവസമെങ്കിലും കുടുംബത്തെ വിട്ട് ലക്ഷ്മണിന് ബംഗളൂരുവില്‍ കഴിയേണ്ടി വരും. ഇതാണ് വലിയ ചുമതല ഏറ്റെടുക്കുന്നതില്‍ നിന്ന് ലക്ഷ്മണിനെ പിന്തിരിപ്പിക്കുന്നത്.
അതേസമയം, ലക്ഷ്മണ്‍ വിസമ്മതിച്ചാല്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ എന്‍.സി.എ തലവനാക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ബംഗളൂരുവിലാണ് കുടുംബമെന്നത് കുംബ്ലെയ്ക്ക് സാദ്ധ്യത നല്‍കുന്ന ഘടകമാണ്.