ഐപിഎല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഒരു ഫ്രാഞ്ചൈസി ഒഫീഷ്യലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ താരങ്ങളുടെ കാര്യത്തില്‍ ഏറെ ആശങ്കയിലായിരുന്ന ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ക്ക് വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്.
സി.പി.എല്ലില്‍ കളിക്കുന്ന ഐ.പി.എല്‍ താരങ്ങളുടെ വരവ് ബി.സി.സി.ഐ ഇതിനോടം ഉറപ്പാക്കിയിട്ടുണ്ട്. ഈ താരങ്ങളെ ഐ.പി.എല്‍ രണ്ടാം ഭാഗത്തിന്റെ തുടക്കം മുതല്‍ ലഭിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റിനോട് പറഞ്ഞ് സി.പി.എല്‍ നേരത്തെ ആക്കിയിട്ടുണ്ട്. ഇതിനു പുറമേ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ബി.സി.സി.ഐ നീക്കം തുടങ്ങി കഴിഞ്ഞു.
ഐ.പി.എല്‍ 14ാം സീസണിന്റെ രണ്ടാം പാദ മത്സരങ്ങള്‍ സെപ്തംബര്‍ 19ന് ആരംഭിക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. ടി20 ലോക കപ്പ് ഒക്ടോബറിലും നവംബറിലുമായി നടക്കാനിരിക്കെ അതിന് മുമ്പ് തന്നെ ഐ.പി.എല്ലിന്റെ 14ാം സീസണ്‍ പൂര്‍ത്തിയാക്കാനാണ് ബി.സി.സി.ഐ നീക്കം.
യു.എ.ഇയിലാണ് ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്‍ മത്സരങ്ങളും ഇവിടെത്തന്നെയായിരുന്നു നടന്നത്. യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായാണ് ടി20 ലോക കപ്പ് മല്‍സരങ്ങളും നടക്കുക. 31 മത്സരങ്ങളാണ് ഇനിയും ടൂര്‍ണമെന്റില്‍ നടക്കാനുള്ളത്.