ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് സൂപ്പര്‍ താരം ബിജെ വാട്‌ലിംഗ്. വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വാട്‌ലിംഗ് വിരമിക്കുമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരിലൊരാളാണ് ബിജെ വാട്‌ലിംഗ്. 2009ല്‍ ന്യൂസിലന്‍ഡ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരം എന്നും ന്യൂസിലന്‍ഡ് ടെസ്റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. മികച്ച റെക്കോഡുകളാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിനുള്ളത്.
73 ടെസ്റ്റുകളും, 28 ഏകദിനങ്ങളും, 5 ടി20 മത്സരങ്ങളും ന്യൂസിലന്‍ഡിനായി വാട്‌ലിംഗ് കളിച്ചിട്ടുണ്ട്. ഇതില്‍ ടെസ്റ്റില്‍ 3773 റണ്‍സും, ഏകദിനത്തില്‍ 573 റണ്‍സും, ടി20 യില്‍ 38 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുറത്താക്കലുകള്‍ നടത്തുന്ന ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് വാട്‌ലിംഗിന്റെ പേരിലാണ്. 249 ക്യാച്ചുകളും 8 സ്റ്റമ്പിംഗുകളുമാണ് ടെസ്റ്റില്‍ വിക്കറ്റിന് പിന്നിലെ താരത്തിന്റെ സമ്പാദ്യം.