IPL 2025: റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമായിരുന്നു, ഞാന്‍ ആ ടീമിലുണ്ടായിരുന്നതുകൊണ്ട് എനിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നു, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

ഐപിഎലില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരമാണ്. ആറ് കളില്‍ നാല് തോല്‍വി ഏറ്റുവാങ്ങി രണ്ട് ജയം മാത്രമുളള ആര്‍ആറിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പോയിന്റ് ടേബിളില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന ടീം. ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗ് ആയിരുന്നു രാജസ്ഥാന്‍ ക്യാപ്റ്റന്‍. എന്നാല്‍ പരാഗ് നയിച്ച മൂന്ന് കളികളില്‍ രണ്ടിലും രാജസ്ഥാന്‍ തോല്‍വി ഏറ്റുവാങ്ങി. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് മാത്രമായിരുന്നു ടീം ജയിച്ചത്. പിന്നീട് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തിയ പഞ്ചാബിനെതിരായ മത്സരത്തിലും ടീം ജയിച്ചുകയറി. എന്നാല്‍ ഗുജറാത്ത്, ആര്‍സിബി തുടങ്ങിയ ടീമുകള്‍ക്കെതിരെ തോറ്റ് ടൂര്‍ണമെന്റില്‍ വീണ്ടും പിന്നിലായിരിക്കുകയാണ് ടീം.

കഴിഞ്ഞ ലേലത്തില്‍ കൊല്‍ക്കത്തയില്‍ നിന്നും രാജസ്ഥാന്‍ ടീമിലെടുത്ത താരമായിരുന്നു നിതീഷ് റാണ. ചെന്നൈക്കെതിരെയുളള മത്സരത്തില്‍ മാത്രമാണ് ഈ സീസണില്‍ നിതീഷ് ഇംപാക്ടുളള ഒരു ഇന്നിങ്‌സ് കാഴ്ചവച്ചത്. സിഎസ്‌കെയ്‌ക്കെതിരെ 36 പന്തില്‍ 81 റണ്‍സെടുത്ത് ടീംസ്‌കോറിലേക്ക് കാര്യമായ സംഭാവന നല്‍കിയിരുന്നു നിതീഷ്. അതേസമയം ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ റിയാന്‍ പരാഗിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിയമിച്ചത് ശരിയായ തീരുമാനമായിരുന്നു എന്ന് പറയുകയാണ്  നിതീഷ് റാണ. ഡല്‍ഹിക്കെതിരായ മത്സരത്തിന് മുന്‍പ് നടന്ന പ്രീ മാച്ച് പ്രസ് കോണ്‍ഫറന്‍സിലാണ് റാണ മനസുതുറന്നത്.

ആറ്-ഏഴ് വര്‍ഷം കൊല്‍ക്കത്തയ്‌ക്കൊപ്പം ഉണ്ടായിരുന്നതിന് ശേഷമാണ് തന്നെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതെന്നും അതുകൊണ്ടാണ് ടീമിന്റെ അന്തരീക്ഷം മനസിലാക്കാന്‍ കഴിഞ്ഞതെന്നും റാണ പറയുന്നു. “ഞാന്‍ കെകെആറിന്റെ ക്യാപ്റ്റനായപ്പോള്‍, 6-7 വര്‍ഷം മുന്‍പ് ടീമിലുണ്ടായിരുന്നതുകൊണ്ട് ടീം സംസ്‌കാരവും പരിസ്ഥിതിയും മനസിലായതിനാല്‍ അത് എന്നെ വളരെയധികം സഹായിച്ചിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കാര്യം എടുക്കുകയാണെങ്കില്‍ ടീമിന്റെ സജ്ജീകരണം എന്നെക്കാള്‍ നന്നായി റിയാന് അറിയാമെന്ന്‌ ഞാന്‍ കരുതുന്നു. അതുകൊണ്ട് ആദ്യ മൂന്ന് മത്സരങ്ങളില്‍ റിയാനെ ക്യാപ്റ്റനാക്കിയ  രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ തീരുമാനം ശരിയായിരുന്നു എന്ന് ഞാന്‍ കരുതുന്നു, ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് സന്തോഷത്തോടെ സ്വീകരിച്ചേനെ. പക്ഷേ എറ്റവും പ്രധാനം ടീമിന് എന്താണ് ശരിയായത് എന്നതാണ്. അവര്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ കരുതുന്നു, നിതീഷ് റാണ കൂട്ടിച്ചേര്‍ത്തു.