IPL 2025: അവരെ സൂപ്പര്‍ ഓവറില്‍ ഇറക്കിയത് ഒരാളുടെ മാത്രം തീരുമാനമായിരുന്നില്ല, ഞങ്ങള്‍ ജയിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ആ ചോദ്യം ചോദിക്കില്ലായിരുന്നു, തുറന്നുപറഞ്ഞ് നിതീഷ് റാണ

ഐപിഎലില്‍ ഇന്നലെ നടന്ന രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ്‌ മത്സരം വളരെ ആവേശകരമായ കാഴ്ചവിരുന്നായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക് സമ്മാനിച്ചത്. ആദ്യ ബാറ്റിങ്ങില്‍ തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 189 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് മുന്നില്‍ വയ്ക്കാന്‍ ഡല്‍ഹിക്കായി. മറുപടി ബാറ്റിങ്ങില്‍ ഒരുഘട്ടത്തില്‍ രാജസ്ഥാന്‍ അനായാസകരമായി ജയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഡല്‍ഹി ബോളിങ്ങില്‍ പിടിച്ചതോടെ കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികച്ച സ്‌പെല്ലാണ് സൂപ്പര്‍ ഓവറില്‍ ഉള്‍പ്പെടെ കളി ഡല്‍ഹി ക്യാപിറ്റല്‍സിന് അനുകൂലമാക്കിയത്. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 12 റണ്‍സ് വിജയലക്ഷ്യം കെഎല്‍ രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്‌സും ചേര്‍ന്ന് ഡല്‍ഹിക്കായി മറികടക്കുകയായിരുന്നു.

രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, യശസ്വി ജയ്‌സ്വാള്‍ തുടങ്ങിയവരാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ ഇവരില്‍ ഇംപാക്ടുളള ഒരു പ്രകടനം കാഴ്ചവയ്ക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. അതേസമയം ഇവരെയെല്ലാം സൂപ്പര്‍ ഓവറില്‍ ഇറക്കിയത് ഒരാളുടെ മാത്രം തീരുമാനമായിരുന്നില്ല എന്നും മൊത്തം മാനേജ്‌മെന്റിന്റെയും ഡിസിഷന്‍ ആയിരുന്നെന്നും പറയുകയാണ് രാജസ്ഥാന്‍ ബാറ്റര്‍ നിതീഷ് റാണ. “മാനേജ്‌മെന്റാണ് തീരുമാനം എടുത്തത്, അല്ലാതെ ഒരാളല്ല. ക്യാപ്റ്റനും മറ്റ് സീനിയര്‍ കളിക്കാരും പരിശീലകരും ഒപ്പമുണ്ട്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ രണ്ട് സിക്‌സറുകള്‍ അടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഈ ചോദ്യം ചോദിക്കില്ലായിരുന്നു. ഞാന്‍ അതേ ഉത്തരം നല്‍കും. എനിക്ക് മറ്റ് ഉത്തരമില്ല. എന്തെല്ലാം തീരുമാനങ്ങള്‍ ഞങ്ങളുടെ ടീം എടുത്തോ അതെല്ലാം ശരിയായിരുന്നു. ഹെറ്റ്‌മെയര്‍ ഞങ്ങളുടെ ഫിനിഷറാണെന്ന് എല്ലാവര്‍ക്കുമറിയാം. മുന്‍കാലങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, റാണ പറഞ്ഞു.

“അത്തരം തീരുമാനങ്ങള്‍ ഒരാള്‍ മാത്രം എടുക്കുന്നതല്ല. അങ്ങനെയുളള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാനേജ്‌മെന്റും സപ്പോര്‍ട്ട് സ്റ്റാഫുമുണ്ട്. തീരുമാനം ഞങ്ങള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ നിങ്ങളുടെ ചോദ്യം മറ്റൊന്നാകുമായിരുന്നു. ക്രിക്കറ്റ് അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുളള ഒരു കായിക വിനോദമാണ്. സന്ദീപ് ശര്‍മ്മ സൂപ്പര്‍ ഓവറില്‍ നന്നായി പന്തെറിഞ്ഞിരുന്നെങ്കില്‍, മുന്‍കാലങ്ങളില്‍ അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹം തന്നെയാണ് ഞങ്ങള്‍ക്ക് എറ്റവും അനുയോജ്യമായ ബോളര്‍. ഞങ്ങള്‍ക്ക് ഒരു വലിയ ഷോട്ട് കുറവായിരുന്നു. സൂപ്പര്‍ ഓവറില്‍ 15 റണ്‍സ് ലക്ഷ്യമാക്കിയായിരുന്നു ഞങ്ങള്‍ കളിച്ചത്, നിതീഷ് റാണ വെളിപ്പെടുത്തി.