അടുത്തിടെ സമാപിച്ച ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ 10 മത്സരങ്ങള്‍ വിജയിച്ച് ഫൈനലിലെത്താന്‍ ടീം ഇന്ത്യ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. ഫൈനല്‍ ഏറ്റുമുട്ടലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഹൃദയഭേദകമായ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മുഹമ്മദ് ഷമി തുടങ്ങിയ കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങള്‍ ആഗോള പ്രശംസ നേടി.
ആദ്യ നാല് മത്സരങ്ങള്‍ നഷ്ടമായ ഷമി ഏഴ് മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റ് വീഴ്ത്തി മികച്ച വിക്കറ്റ് വേട്ടക്കാരനായി. കുത്തനെയുള്ള സീം പൊസിഷനില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള അദ്ദേഹത്തിന്റെ കഴിവ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഷമിയുടെ ഈ ബോളിംഗ് വൈഭവത്തെ ഇന്ത്യയുടെ ബോളിംഗ് കോച്ച് പരാസ് മാംബ്രെ പ്രശംസിച്ചു.
ഷമിയെ പോലൊരു ബോളറെ സൃഷ്ടിക്കാന്‍ പരിശീലകര്‍ക്ക് കഴിയുമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ അത് കള്ളമാകും. ലോകത്തേതെങ്കിലും ബോളര്‍ക്ക് ശരിയായ സീമില്‍ പന്തെറിയാനായാല്‍ അവര്‍ക്കും ഷമിയാകും.
തുടര്‍ച്ചയായി സീമില്‍ പന്തെറിയുന്നതും കൈത്തണ്ട മികച്ച പൊസിഷനില്‍ ചലിപ്പിക്കുന്നതും അപൂര്‍വ നൈപുണ്യമാണ്. പല ബൗളര്‍മാരും സീമില്‍ എറിഞ്ഞാലും പിച്ച് ചെയ്ത ശേഷം പന്ത് നേരെയാകുന്നത് കാണും. ഇവിടെയാണ് ഷമി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുന്നത്- പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ മാംബ്രെ പറഞ്ഞു.