കമ്മിന്‍സ് ഉരുവിട്ട ഈ വാക്കുകള്‍ ഒരു ഇന്ത്യന്‍ ആരാധകനും ജീവിതാവസാനം വരെ മറക്കില്ല, എന്നാല്‍ ഇന്ത്യയ്‌ക്കൊരു 'ക്വീക്വെഗ്' ഉള്ളിടത്തോളം ഓസീസ് പേടിക്കുക തന്നെവേണം

”Nothing more satisfying than hearing a big crowd go silent…!”

ഓസ്‌ട്രേലിയക്കാരനായ പാറ്റ് കമ്മിന്‍സ് ഉരുവിട്ട ഈ വാക്കുകള്‍ ഒരു ഇന്ത്യന്‍ ആരാധകനും ജീവിതാവസാനം വരെ മറക്കില്ല. 2023-ലെ ഏകദിന ലോകകപ്പ് ഫൈനല്‍ അരങ്ങേറുന്നതിന് തൊട്ടുമുമ്പാണ് കമ്മിന്‍സ് അങ്ങനെ പറഞ്ഞത്.
കമ്മിന്‍സിന്റെ വാക്കുകള്‍ സത്യമായി. മൊട്ടേരയില്‍ നടന്ന ഫൈനലില്‍ ഇന്ത്യയെ കംഗാരുപ്പട ചവിട്ടിഞെരിച്ചു. സ്റ്റേഡിയത്തില്‍ സന്നിഹിതരായിരുന്ന ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ ഒരക്ഷരം പോലും ഉരിയാടാനാകാതെ തരിച്ചുനിന്നു!

നിരവധി ഭാരതീയരുടെ മാനസിക ആരോഗ്യം തകരാറിലാക്കിയ ഫൈനലായിരുന്നു അത്. മാസങ്ങള്‍ കടന്നുപോയി. കരീബിയന്‍ മണ്ണില്‍ ടി-20 ലോകകപ്പ് ആരംഭിച്ചു. സൂപ്പര്‍ എട്ടിലെ നിര്‍ണ്ണായകമത്സരത്തില്‍ ഇന്ത്യയെ നേരിടുന്നതിനുവേണ്ടി സെന്റ് ലൂഷിയയില്‍ വിമാനമിറങ്ങിയപ്പോള്‍ പാറ്റ് കമ്മിന്‍സ് കൊതിച്ചത് ഒരു ആവര്‍ത്തനമാണ്. ചരിത്രത്തിന്റെ ആവര്‍ത്തനം.

എന്നാല്‍ കംഗാരുപ്പടയെ കാത്തിരുന്നത് 24 റണ്‍സിന്‍റെ തോല്‍വിയായിരുന്നു! പക വീട്ടിയ ആഹ്ലാദത്തോടെ ഇന്ത്യക്കാര്‍ ആര്‍ത്തുവിളിച്ചു അതിന് വഴിയൊരുക്കിയത് ഇന്ത്യയുടെ കപ്പിത്താനായിരുന്നു-രോഹിത് ഗുരുനാഥ് ശര്‍മ്മ!
കമ്മിന്‍സ് അസാമാന്യമായ ഫോമിലായിരുന്നു. തുടര്‍ച്ചയായ ഹാട്രിക്കുകളുടെ തിളക്കം അയാള്‍ക്കുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരെ അയാള്‍ ആദ്യം എറിഞ്ഞത് ഒരു സ്ലോബോളായിരുന്നു. കൗശലത്തിന്റെ പ്രദര്‍ശനം!
അടുത്ത സെക്കന്റില്‍ കമ്മിന്‍സിന്റെ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ പറന്നു. 100 മീറ്റര്‍ അകലെ സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ അത് പറന്നിറങ്ങി!

മുന്‍ ഓസീസ് സ്‌കിപ്പര്‍ റിക്കി പോണ്ടിങ്ങ് കമന്ററി ബോക്‌സിലൂടെ പറഞ്ഞു- ”കമ്മിന്‍സിനെതിരെ എത്ര പേര്‍ സ്ലോഗ്‌സ്വീപ് കളിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. ഇവിടെ കമ്മിന്‍സ് സ്ലോഗ് സ്വീപ് ചെയ്യപ്പെട്ടിരിക്കുന്നു! അത് ചെയ്തത് രോഹിതാണ്…” അതോടെ കമ്മിന്‍സ് തന്ത്രം മാറ്റി. 142 കിലോമീറ്റര്‍ വേഗതയില്‍ പന്ത് കുതിച്ചെത്തി. ഡീപ് കവറില്‍ ഫീല്‍ഡറും ഉണ്ടായിരുന്നു. പക്ഷേ രോഹിത് ബൗണ്ടറിയടിച്ചു!

കമ്മിന്‍സ് തിരിച്ചറിഞ്ഞു- ”ഇങ്ങനെയൊരു മൂഡില്‍ നില്‍ക്കുന്ന രോഹിതിനെതിരെ എങ്ങനെ പന്തെറിഞ്ഞാലും രക്ഷയില്ല…!” ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വി രോഹിതിനെ തകര്‍ത്തുകളഞ്ഞിരുന്നു. അതിനെക്കുറിച്ച് രോഹിത് ഈയിടെ മനസ്സ് തുറന്നിരുന്നു- ”ഫൈനലിന്റെ അടുത്ത ദിവസം ഞാന്‍ ഉറക്കമുണര്‍ന്നു. കഴിഞ്ഞ രാത്രിയില്‍ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. അതൊരു മോശം സ്വപ്നമാണെന്ന് ഞാന്‍ ആശ്വസിച്ചു. യഥാര്‍ത്ഥ ഫൈനല്‍ നടക്കാന്‍ പോവുന്നത് നാളെയാണെന്ന് ഞാന്‍ വിചാരിച്ചു..!”

ബഹുഭൂരിപക്ഷം ഇന്ത്യന്‍ ഫാന്‍സും രോഹിതിന്റെ അവസ്ഥയിലൂടെ കടന്നുപോയതാണ്. ഡാരന്‍ സമ്മി സ്റ്റേഡിയത്തില്‍ വെച്ച് അവര്‍ക്കെല്ലാം വേണ്ടി പകരം ചോദിക്കാന്‍ രോഹിത് ഒരുമ്പെട്ടിറങ്ങുക തന്നെയായിരുന്നു!
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 29 റണ്‍സാണ് രോഹിത് അടിച്ചത്! ടി-20 ക്രിക്കറ്റിലെ സ്റ്റാര്‍ക്കിന്റെ ഏറ്റവും മോശം ഓവറായിരുന്നു അത് ഓസീസിന്റെ രക്ഷകനാകുന്നതിന് വേണ്ടി മാസ് പരിവേഷം നല്‍കി ടീമിലേയ്ക്ക് മടക്കിവിളിച്ച പ്രീമിയം ബോളര്‍ക്കാണ് ആ ദുര്‍ഗ്ഗതിയുണ്ടായത്!

ഷോര്‍ട്ട്‌ബോളുകള്‍ കൊണ്ട് രോഹിതിനെ വീഴ്ത്താനാണ് മാര്‍ക്കസ് സ്റ്റോയിനിസ് തുനിഞ്ഞത്. മൈക്കല്‍ ഷുമാക്കറെ ഫോര്‍മുല വണ്‍ റേസില്‍ മറികടക്കാന്‍ ശ്രമിക്കുന്നത് പോലുള്ള തന്ത്രം! മുഖമടച്ചുള്ള അടികള്‍ക്ക് സമാനമായ പുള്‍ ഷോട്ടുകള്‍ രോഹിത് പകരം നല്‍കി. 206 റണ്‍സിന്റെ ഇന്ത്യന്‍ വിജയലക്ഷ്യം ഭേദിക്കാന്‍ ട്രാവിസ് ഹെഡ് പരമാവധി ശ്രമിച്ചു. പക്ഷേ രോഹിതിന്റെ ബാറ്റിങ്ങ് വിസ്‌ഫോടനത്തെ മറികടക്കാന്‍ അയാള്‍ക്കും കഴിഞ്ഞില്ല. ഹെഡിന്റെ ക്യാച്ച് രോഹിത് എടുത്തത് കാവ്യനീതിയായി. അതിനും പ്രതികാരത്തിന്റെ മധുരമുണ്ടായിരുന്നു!

ഹെര്‍മന്‍ മെല്‍വില്‍ എഴുതിയ ലോകപ്രശസ്ത നോവലാണ് ‘മോബിഡിക് ‘. തിമിംഗലവേട്ടയുടെ കഥയാണ് അത്. നിരവധി കപ്പലുകള്‍ തകര്‍ത്ത,ഒരുപാട് മനുഷ്യരെ വകവരുത്തിയ മോബിഡിക് എന്ന തിമിംഗലത്തിന്റെ പുറകെ പായുന്ന ഒരു കൂട്ടം നാവികരുടെയും അവരുടെ കപ്പിത്താന്‍ അഹാബിന്റെയും കഥ!

ആ കൃതിയില്‍ ക്വീക്വെഗ് എന്നൊരു കഥാപാത്രമുണ്ട്. കടലിലേയ്ക്ക് എടുത്തുചാടി മനുഷ്യരെ രക്ഷിക്കുന്നവന്‍! തിമിംഗലത്തിന്റെ തല വെട്ടിപ്പിളര്‍ത്തുന്നവന്‍ ഇരുമ്പുവടികൊണ്ട് വമ്പന്‍ ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നവന്‍!
പ്രധാനപ്പെട്ട ടൂര്‍ണ്ണമെന്റുകളില്‍ കളിക്കുമ്പോള്‍ ഓസീസ് മോബിഡിക്കിനെപ്പോലെയാണ് പെരുമാറാറുള്ളത്. സര്‍വ്വതും അവര്‍ സംഹരിക്കും!

പക്ഷേ ഇന്ത്യയ്ക്ക് ഒരു ക്വീക്വെഗ് ഉണ്ടായിരുന്നു. അതായിരുന്നു രോഹിത് ശര്‍മ്മ. നോവലിന്റെ ഒരു ഘട്ടത്തില്‍ ക്വീക്വെഗിന് ജ്വരം പിടിപെടുന്നുണ്ട്. അയാള്‍ക്കുവേണ്ടി ശവപ്പെട്ടി പോലും നിര്‍മ്മിക്കപ്പെടുന്നുണ്ട്. പക്ഷേ അത്ഭുതകരമായ രീതിയില്‍ ക്വീക്വെഗിന്റെ അസുഖം മാറുന്നുമുണ്ട്!

രോഹിതും അതുപോലെയാണ്. ഒരു ലോകകപ്പ് ഫൈനല്‍ കൊണ്ട് അയാളെ കുഴിച്ചുമൂടാനാവില്ല. ഇന്ത്യക്കാര്‍ക്കുവേണ്ടി പക വീട്ടാന്‍ രോഹിത് ഉയിര്‍ത്തെഴുന്നേറ്റുവരും. എതിരാളികളുടെ തലകള്‍ നിലത്ത് വീണുരുളും. രോഹിതിന്റെ ബാറ്റ് ക്വീക്വെഗിന്റെ മഴു പോലെ നാശം വിതയ്ക്കും..

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്