'ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇനി അവന് നല്‍കേണ്ടതില്ല'; ബിസിസിഐയോട് ഇര്‍ഫാന്‍ പത്താന്‍

ഇന്ത്യന്‍ ടീമിലെ ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തെക്കുറിച്ച്, പ്രത്യേകിച്ച് വരാനിരിക്കുന്ന ടി20 ലോകകപ്പ് സെലക്ഷന്‍ പ്രഖ്യാപനം കണക്കിലെടുത്ത് പ്രതികരണവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഉള്‍പ്പെടുത്തുന്നത് ടീമിലെ സന്തുലിതാവസ്ഥയ്ക്ക് അനിവാര്യമാണെന്ന് സമ്മതിച്ച ഇര്‍ഫാന്‍ എന്നാല്‍ ഓള്‍റൗണ്ടറുടെ പ്രകടനത്തെക്കുറിച്ച് കൂടുതല്‍ വിമര്‍ശനാത്മകമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് പറഞ്ഞു.

ഇത്രയും കാലം നല്‍കിയ മുന്‍ഗണന ഇന്ത്യന്‍ ടീം ഹാര്‍ദിക്കിന് നല്‍കേണ്ടതില്ല. കാരണം നമ്മള്‍ ഇപ്പോഴും ലോകകപ്പ് നേടിയിട്ടില്ല. ഹാര്‍ദിക്ക് ഒരു പ്രധാന ഓള്‍റൗണ്ടര്‍ ആണെന്ന് കരുതുന്നുവെങ്കില്‍, അന്താരാഷ്ട്ര തലത്തിലും ആ രീതിയിലുള്ള സ്വാധീനം ചെലുത്തണം.

ഹാര്‍ദിക്കിന് ഇതുവരെ അത് സാധിച്ചിട്ടില്ല. ഇപ്പോഴും അദ്ദേഹത്തിന്റെ ഭാവിയിലെ സാധ്യതയെ കുറിച്ചാണ് ചിന്തിക്കുന്നത്. ഐപിഎല്‍ പ്രകടനങ്ങളും രാജ്യാന്തര പ്രകടനങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്- ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് വ്യക്തികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് നിര്‍ത്തണം. ടൂര്‍ണമെന്റുകളില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്. ഒരു ടീമില്‍ ഒരു സൂപ്പര്‍ താരമല്ല, എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ടീം ഗെയിമാണ് വേണ്ടത്. വര്‍ഷങ്ങളായി ഓസ്‌ട്രോലിയ അങ്ങനെയാണ് ചെയ്യുന്നത്- പത്താന്‍ കൂട്ടിച്ചേര്‍ത്തു.