റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ജഴ്‌സി ധരിച്ച് സിനിമയിൽ കാണിക്കുന്ന ആക്രമണ രംഗങ്ങൾ മാറ്റാൻ ‘ജയിലർ’ സിനിമയുടെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, സെപ്തംബർ 1-നകം സീനുകൾ മാറ്റേണ്ടതാണ്. ഒരു തിയേറ്ററിലും ഈ രംഗങ്ങൾ കാണിക്കരുത് എന്നതാണ് നിർദേശം.
ഐപിഎൽ ടീം കോടതിയിൽ പരാതി നൽകുകയും “അപമാനകരമായ രീതിയിൽ” ചിത്രീകരിച്ചിരിക്കുന്ന സീനുകളിൽ ആർസിബി ജേഴ്‌സി ഉപയോഗിക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിക്കുകയും ചെയ്തു. സിനിമയിലെ ഒരു ആക്രമണ രംഗത്തിൽ ഒരു വ്യക്തി ആർ.സി.ബിയുടെ ജേഴ്സി ഉപയോഗിച്ചിരുന്നു. അതിന് എതിരെയാണ് ഇപ്പോൾ ടീം പരാതി നൽകിയത്.
ഇപ്പോൾ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അവകാശപ്പെടുന്നത് സിനിമയിലെ ജഴ്‌സിയുടെ ഉപയോഗം മോശമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ജേഴ്‌സി ഉപയോഗിക്കുന്നതിന് മുമ്പ് ടീമിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നുമാണ്. തങ്ങളുടെ ബ്രാൻഡ് പ്രതിച്ഛായയെ മോശമാക്കി എന്നതാണ് ടീമിന്റെ പരാതി.
ആർസിബിയും സിനിമാ നിർമ്മാതാക്കളും തമ്മിൽ ധാരണയിലെത്തിയതായും സൂചനയുണ്ട്. ആർസിബി ജേഴ്‌സിയായി ചിത്രീകരിക്കാത്ത വിധത്തിൽ ജേഴ്‌സി മാറ്റാൻ സിനിമാ പ്രവർത്തകർ സമ്മതിച്ചിട്ടുണ്ട്.
“ഇതിൽ RCB ജേഴ്‌സിയുടെ ഭാഗങ്ങൾ മാറ്റും. പകരം ജേഴ്സി കാണാത്ത രീതിയിൽ ഭാഗങ്ങൾ കാണിക്കണം. ഇരു കൂട്ടരും തമ്മിൽ ഈ കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ട്.”കോടതി പറഞ്ഞു.