ഗംഭീരമായ ശൈലിയിൽ തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കാൻ ശിവം ദുബെയ്ക്ക് ഒരു മത്സരമേ വേണ്ടിവന്നുള്ളൂ. മൊഹാലിയിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിൽ അദ്ദേഹം ഒരു വിക്കറ്റ് നേടുക കൂടാതെ ബാറ്റിംഗിൽ ടീമിനെ വിജയിപ്പിച്ച് 60 റൺസും നേടി. ഐസിസി ടി20 ലോകകപ്പ് 2024 ടീമിന്റെ ഭാഗമാകാൻ ദുബെയ്ക്ക് കഴിയുമെന്നും എന്നാൽ അദ്ദേഹത്തിന് സ്ഥിരതയാർന്ന പ്രകടനം നടത്തേണ്ടിവരുമെന്നും മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ പറഞ്ഞു.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 6 വിക്കറ്റിന് ജയിച്ച് 1-0ന് മുന്നിലെത്തിയപ്പോൾ ശിവം പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷമാണ് താരം ഇന്ത്യക്കായി കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ടീമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയെങ്കിലും പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. തുടർന്ന് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ശിവം പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങൾക്കുള്ള ടീമിൽ അദ്ദേഹത്തെ തിരഞ്ഞെടുക്കുക ആയിരുന്നു.
“ശിവം ദുബെയുടെ നേരിട്ടുള്ള മത്സരം ഹാർദിക് പാണ്ഡ്യയോടാണ്, ഹാർദിക്കിന് മുന്നിൽ പോകുന്നത് ഏതൊരു കളിക്കാരനും ബുദ്ധിമുട്ടാണ്. പക്ഷെ ശിവം ഒരു നല്ല ക്രിക്കറ്റ് താരമാണ്, പക്ഷേ അവൻ സ്ഥിരത പുലർത്തേണ്ടതുണ്ട്, ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി അദ്ദേഹത്തിന്റെ പ്രകടനം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിൽ വലിയ പങ്ക് വഹിക്കും, ”പ്രഗ്യാൻ ഓജ പറഞ്ഞു.
“ഹാർദിക് പരിക്കിൽ നിന്ന് മോചിതനായിട്ടില്ല, അദ്ദേഹത്തിന്റെ ഫിറ്റ്നസ് വലിയ ആശങ്കയാണ്. പരിക്ക് പറ്റിയാൽ ഹാർദിക്കിന്റെ ബാക്കപ്പിനായി സെലക്ടർമാരും തിരയുന്നു. ഇപ്പോൾ ശിവത്തിലൂടെ അതിനൊരു പരിഹാരമായിട്ടുണ്ട്. തന്റെ ബൗളിംഗിൽ കൂടുതൽ വേഗത കൂട്ടാൻ ശിവമിന് കഴിയുമെങ്കിൽ, അദ്ദേഹത്തിന് കൂടുതൽ സ്വാധീനം ചെലുത്താനാകും, ”അദ്ദേഹം കൂട്ടിച്ചേർത്തു.