ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴെല്ലാം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും വിരാട് കോഹ്ലിയുടെയും പേരുകള്‍ ഉയര്‍ന്നുവരാറുണ്ട്. രണ്ട് ബാറ്റ്സ്മാന്മാരും സ്പോര്‍ട്സിനായി സമര്‍പ്പിച്ച സമയവും നിശ്ചയദാര്‍ഢ്യവും പ്രശംസനീയമാണ്. ഇവരില്‍ ആരാണ് മികച്ച ക്രിക്കറ്റ് താരം എന്ന തര്‍ക്കം കുറച്ച് നാളുകളായി നടക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതാകവാഹകനായതുപോലെ, ആധുനിക യുഗത്തില്‍ കോഹ്ലി പൂര്‍ണ്ണമായും ആ റോള്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ അഭിനിവേശമുള്ള യുവതലമുറയില്‍ കോഹ്ലിക്ക് കൂടുതല്‍ സ്വാധീനമുണ്ട്. അതേസമയം സച്ചിന് പഴയ തലമുറയില്‍ ഉറച്ച പിടിയുണ്ട്.
ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം സഖ്ലെയ്ന്‍ മുഷ്താഖ്. കോഹ്ലിയാണ് ആധുനിക കാലത്തെ ഗോട്ട് എന്ന് പലരും പറയുമ്പോള്‍ സച്ചിനെക്കാള്‍ വലുതായി മറ്റാരുമില്ലെന്നാണ് മുഷ്താഖ് അഭിപ്രായപ്പെട്ടത്. സച്ചിന്‍ തന്റെ പ്രൈമില്‍ നേരിട്ട ബോളര്‍മാരുടെ നിലവാരത്തെ അടിസ്ഥാനമാക്കിയാണ് മുഷ്താഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
ഒരു ബാറ്റര്‍ ഉണ്ടെങ്കില്‍- അത് ഞാന്‍ മാത്രമല്ല, ലോകം മുഴുവന്‍ സമ്മതിക്കുന്നു- സച്ചിന്‍ ടെണ്ടുല്‍ക്കറിനേക്കാള്‍ വലുതായി മറ്റാരുമില്ല. നിങ്ങള്‍ക്ക് ഏത് ഷോട്ടിന്റെയും കോപ്പിബുക്ക് ഉദാഹരണം നല്‍കണമെങ്കില്‍, ആളുകള്‍ സച്ചിന്റെ ഉദാഹരണം നല്‍കുന്നു. ഇന്ന് വിരാട് കോഹ്ലി ഒരു ഇതിഹാസമാണ്. എന്നാല്‍ സച്ചിന്‍ വളരെ ബുദ്ധിമുട്ടുള്ള ബോളര്‍മാരെ നേരിട്ടിട്ടുണ്ട്.
ആ കാലഘട്ടത്തിലെ ബോളര്‍മാര്‍ തികച്ചും വ്യത്യസ്തമായിരുന്നു. കോഹ്ലി വസീം അക്രത്തെ നേരിട്ടിട്ടുണ്ടോ? അവന്‍ വാല്‍ഷ്, ആംബ്രോസ്, മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, മുരളീധരന്‍ എന്നിവരെ നേരിട്ടിട്ടുണ്ടോ? ഇവരെല്ലാം വലിയ പേരുകളായിരുന്നു. അവരെല്ലാം വളരെ സമര്‍ത്ഥരായ ബോളര്‍മാരായിരുന്നു. എങ്ങനെ കുടുക്കണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. ഇന്ന് രണ്ട് തരം ബൗളര്‍മാരുണ്ട്- ഒന്ന് നിങ്ങളെ തടയും മറ്റൊന്ന് നിങ്ങളെ കുടുക്കും. അന്നത്തെ ബോളര്‍മാര്‍ക്ക് ഇവ രണ്ടും എങ്ങനെ ചെയ്യണമെന്ന് അറിയാമായിരുന്നു, പ്രത്യേകിച്ച് ബാറ്റര്‍മാരെ ട്രാപ്പ് ചെയ്യാന്‍- മുഷ്താഖ് പറഞ്ഞു.