സീനിയർ താരങ്ങൾ ഇല്ല, വമ്പൻ സർപ്രൈസ് ഒരുക്കി ഇന്ത്യയുടെ സിംബാബ്‌വെ പരമ്പരയ്ക്കുള്ള സ്‌ക്വാഡ്; സാധ്യത ലിസ്റ്റിൽ സഞ്ജുവും

2024 ടി20 ലോകകപ്പിൻ്റെ ഫൈനൽ കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞ്, അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കായി സിംബാബ്‌വെയിലേക്ക് പോകുമ്പോൾ അവിടെ യുവതാരങ്ങൾക്ക് അവസരത്തിന്റെ വലിയ ഒരു വേദി ഒരുക്കും. പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 6 ന് നടക്കും, തുടർന്നുള്ള ഗെയിമുകൾ ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 തീയതികളിൽ ആയിരിക്കും നടക്കുക. അഞ്ച് മത്സരങ്ങളും ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടക്കും.

യുവ താരങ്ങൾക്ക് അവസരം ലഭിക്കാൻ സാധ്യതയുള്ളതിനാൽ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചുകൊണ്ട് ഇന്ത്യൻ ടീം ഒരുപാട് പരീക്ഷണങ്ങൾക്ക് മുതിരാൻ സാധ്യതയുള്ള പരമ്പര തന്നെ ആയിരിക്കും ഇത്. നായകൻ രോഹിത് ശർമ്മയ്ക്കും സൂപ്പർതാരം വിരാട് കോഹ്‌ലിക്കും ഈ പരമ്പരയിൽ വിശ്രമം നൽകും.

14 ഐപിഎൽ മത്സരങ്ങളുടെ കനത്ത ജോലിഭാരത്തിനും മൂന്ന് മാസത്തിനുള്ളിൽ ടി 20 ലോകകപ്പിൽ ഒമ്പത് മത്സരങ്ങളും കളിച്ച് കഴിഞ്ഞ ഹാർദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ് ജസ്പ്രീത് ബുംറ എന്നിവരും ടീമിന്റെ ഭാഗമായി ഉണ്ടാകില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹോം പരമ്പരയിലും കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും ടീമിനെ നയിച്ച സൂര്യകുമാർ യാദവ് ആയിരിക്കും ടീമിൻ്റെ ക്യാപ്റ്റൻ. എന്നിരുന്നാലും, ഋഷഭ് പന്തും നായക സ്ഥാനത്തേക്ക് മത്സരം കാഴ്ചവെക്കും.

ശുഭ്മാൻ ഗില്ലും റിങ്കു സിംഗും ടീമിൻ്റെ ഭാഗമാകുമെന്ന് ഉറപ്പാണ്. സഞ്ജു സാംസൺ തൻ്റെ സ്ഥാനം നിലനിർത്തും. 2024 ലെ ഐപിഎല്ലിലെ പ്രകടനത്തിന് ശേഷം അഭിഷേക് ശർമ്മയ്ക്ക് കന്നി കോൾ അപ്പ് കിട്ടിയേക്കും. ഐപിഎൽ 2024 ൽ എമേർജിംഗ് പ്ലെയർ അവാർഡ് നേടിയ നിതീഷ് കുമാർ റെഡ്ഡിയും ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മിന്നും പ്രകടനം നടത്തിയ ഹർഷിത് റാണയെ ടീമിലെ പേസർമാരിൽ ഒരാളായി കണ്ടേക്കാം. മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ ഖലീൽ അഹമ്മദ് എന്നിവരും പ്രധാന ടീമിൻ്റെ ഭാഗമാകും.

രവീന്ദ്ര ജഡേജയ്ക്കും കുൽദീപ് യാദവിനും വിശ്രമം ലഭിച്ചേക്കും, ഇത് വാഷിംഗ്ടൺ സുന്ദറിനും രവി ബിഷ്‌ണോയിക്കും ടീമിന്റെ വാതിൽ തുറന്ന് കൊടുക്കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിക്കും.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ പ്രവചന ടീം: സൂര്യകുമാർ യാദവ് (C), ഋഷഭ് പന്ത് (VC), ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ, സഞ്ജു സാംസൺ (WK ), റിങ്കു സിംഗ്, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, അവേഷ് ഖാൻ, മായങ്ക് യാദവ്/മൊഹ്‌സിൻ ഖാൻ