ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഈ മാസം 27ന് ടി20 പരമ്പരയോടെ ആരംഭിക്കും. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങൾ ടി20യിൽനിന്ന് വിരമിച്ചതിനാൽ യുവനിരയുടെ കരുത്ത് കാണാൻ പോകുന്ന പരമ്പരയായിരിക്കും ഇത്. അതിനാൽ തന്നെ ഇന്ത്യയുടെ പ്രകടനം ഏവരും ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.
വനിന്ദു ഹസരംഗയ്ക്ക് പകരം ചരിത് അസലങ്കയെ ടി20യിൽ ശ്രീലങ്കയുടെ ക്യാപ്റ്റനായി നിയമിച്ചതിനാൽ ഇരു ടീമുകളും പുതിയ നായകനുമായിട്ട് ആയിരിക്കും ഇറങ്ങുക. രോഹിത് ശർമ്മയുടെ വിരമിക്കലിന് ശേഷം സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ മുഴുവൻ സമയ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. രോഹിത്, സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവരുടെ വിരമിക്കലിന് ശേഷം യുവതാരങ്ങളുടെ പോരാട്ടവീര്യം ഏവരും ഉറ്റുനോക്കുക ആണ്.
സൂപ്പർതാരങ്ങളുടെ വിരമിക്കലിനെ കുറിച്ച് തുറന്ന് പറഞ്ഞ ശ്രീലങ്കൻ കോച്ച് ജയസൂര്യ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരായി വിരാടിനെയും രോഹിതിനെയും തിരഞ്ഞെടുത്തു. ഇരുവരും ദ്വീപ് രാഷ്ട്ര പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീമിന് വലിയ നഷ്ടമാകുമെന്ന് ഇതിഹാസ ക്രിക്കറ്റ് താരം പറഞ്ഞു.
രോഹിത് ശർമയും വിരാട് കോഹ്‌ലിയും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ്. അവർ കളിച്ചു തീർത്തത് ലോകോത്തര പ്രകടനങ്ങളാണ്. ഇവരുടെ അഭാവം ഇന്ത്യൻ ടീമിലുണ്ട്. ഇത് പരമാവധി മുതലാക്കാനാവും ലങ്ക ശ്രമിക്കുക- ജയസൂര്യ പറഞ്ഞു.