പഞ്ചാബ് കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്മാൻ ശശാങ്ക് സിംഗ് രോഹിത് ശർമ്മയെ തന്റെ “സ്വപ്ന ക്യാപ്റ്റൻ” ആയി തിരഞ്ഞെടുത്തു. കളിക്കാരെ പിന്തുണക്കുന്നതിന് രോഹിതിനെ അദ്ദേഹം അഭിനന്ദിക്കുകയും ടീമിനെ നയിക്കുമ്പോൾ അദ്ദേഹത്തിന്റെ മനോഭാവത്തെ അഭിനന്ദിക്കുകയും ചെയ്തു.
രോഹിത് വളരെ കൂൾ ആയി ഒരു കൂട്ടുകാരനെ പോലെ നിന്നാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നും ഇതാണ് രോഹിതിന് സഹതാരങ്ങളുമായി നല്ല ബന്ധം പുലർത്താൻ കാരണമെന്ന് ശശാങ്ക് പറയുന്നു. ഐപിഎൽ 2024 ൽ പഞ്ചാബ് കിംഗ്‌സിനായി തകർപ്പൻ പ്രകടന്നാണ് നടത്തി ആരാധകരിലും സെലെക്ടർമാരിലും ഒരുപോലെ മതിപ്പുളവാക്കിയ ശശാങ്ക്, ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിന്റെ ഭാഗമായിരുന്നപ്പോൾ രോഹിത്തിനൊപ്പം കളിച്ച അനുഭവവും പരാമർശിച്ചു.
2025 ലെ ഐപിഎല്ലിന് മുന്നോടിയായി പഞ്ചാബിന്റെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രേയസ് അയ്യറുടെ കീഴിലാണ് അദ്ദേഹം കളിക്കുന്നതെങ്കിലും, രണ്ട് തവണ ഐസിസി ട്രോഫി നേടിയ നായകൻ രോഹിത്തിന്റെ നേതൃത്വത്തിൽ കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് 33 കാരനായ ബാറ്റിംഗ് ഓൾറൗണ്ടർ വെളിപ്പെടുത്തി.
“എല്ലാവരും പറയുന്നത് അദ്ദേഹം [രോഹിത്] തന്റെ കളിക്കാരെ പരമാവധി പിന്തുണയ്ക്കുന്നു എന്നാണ്; അവർക്ക് ധാരാളം അവസരങ്ങൾ നൽകുന്നു. അദ്ദേഹം വളരെ മിടുക്കനായ ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ വൺ-ലൈനറുകളും (കളത്തിൽ) വളരെ രസകരമാണ്. എനിക്ക് അയാളുടെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ആഗ്രഹമുണ്ട്” ശശാങ്ക് ശുഭങ്കർ മിശ്രയുടെ യൂട്യൂബ് ചാനലിൽ പറഞ്ഞു. “അദ്ദേഹം ബോംബെയിൽ നിന്നുള്ളയാളാണ്. ഞാനും ഒരിക്കൽ അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം ക്യാപ്റ്റനായിരുന്നില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അതാണ് എന്റെ ആഗ്രഹം.” താരം പറഞ്ഞു.
കഴിഞ്ഞ സീസണിലെ മികവ് ആവർത്തിക്കാനായാൽ ശശാങ്ക് സിംഗ് താമസിക്കാതെ ഇന്ത്യൻ ടീമിലെത്തും.