ഗൗതം ഗംഭീറല്ല! സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യയെ പരിശീലിപ്പിക്കുക 49-കാരനായ ഇതിഹാസം

ടി20 ലോകകപ്പിന് ശേഷം വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പരിശീലിപ്പിച്ചേക്കും. സിംബാബ്‌വെയില്‍ ജൂലൈ 6 മുതല്‍ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയാണ് കളിക്കുന്നത്.

ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പിനും ശേഷം അവസാനിക്കും. അതിനാല്‍ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. മുന്‍ താരം ഗൗതം ഗംഭീറാണ് ഇന്ത്യയുടെ പരിശീലകനാകാന്‍ പരിഗണിക്കുന്നവരില്‍ മുന്‍നിരയില്‍. എന്നിരുന്നാലും, ജൂലൈ പകുതിയോടെ നടക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിലാവും ഗംഭീര്‍ ചുമതലയേറ്റേക്കുക എന്നാണ് അറിയുന്നത്. അവിടെ ഇന്ത്യ മൂന്ന് ഏകദിനങ്ങളും ടി20 മത്സരങ്ങളും കളിക്കും.

‘ലക്ഷ്മണും ചില എന്‍സിഎ പരിശീലകരും സിംബാബ്വെയിലേക്ക് സ്‌ക്വാഡിനൊപ്പം യാത്രചെയ്യാന്‍ സാധ്യതയുണ്ട്. രാഹുല്‍ ദ്രാവിഡും സഹ പരിശീലകരും ഇടയ്ക്കിടെ ഇടവേളകള്‍ എടുക്കുമ്പോഴെല്ലാം ലക്ഷ്മണും എന്‍സിഎ ടീമും ആ സ്ഥാനത്തേക്ക് നേരത്തെയും വന്നിട്ടുണ്ട്’ ബിസിസിഐ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞു.

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനായ ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഏതാനും തവണ ഇന്ത്യയുടെ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും.

ഐപിഎല്‍ താരങ്ങളായ അഭിഷേക് ശര്‍മ്മ, നിതീഷ് റെഡ്ഡി, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, റിയാന്‍ പരാഗ് എന്നിവര്‍ക്ക് പരമ്പരയില്‍ അവസരം നല്‍കുമ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് പര്യടനത്തില്‍ വിശ്രമം നല്‍കാനാണ് സാധ്യത. ടി20 ലോകകപ്പിനുള്ള ടീമിലെ ഏതാനും താരങ്ങളും ടീമിലുണ്ടാകും.

Read more