ഇന്ത്യയല്ല!, ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് നവജ്യോത് സിംഗ് സിദ്ദു

2024ലെ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ജയിച്ചു. ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന അവര്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയെ നേരിടും.

അതിനിടെ ടി20 ലോകകപ്പിലെ ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുത്ത് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ദു. ബാറ്റിംഗ് പ്രതികൂലമായ ന്യൂയോര്‍ക്കിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നവജ്യോത് സിംഗ് സിദ്ധു മികച്ച ടീമെന്ന പദവി ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കി. ഈ പിച്ചില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച ദക്ഷിണാഫ്രിക്ക മൂന്നിലും വിജയിച്ചിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ്, അയര്‍ലന്‍ഡ് എന്നീ ടീമുകളെയാണ് വെല്ലുവിളി നിറഞ്ഞ ട്രാക്കുകളില്‍ അവര്‍ തകര്‍ത്തുവിട്ടത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിച്ച മാച്ച് വിന്നിംഗ് ബാറ്റര്‍മാര്‍ അവര്‍ക്കുണ്ട്. ഡേവിഡ് മില്ലറും ഹെന്റിച്ച് ക്ലാസനും ഗംഭീരമായി. എല്ലാ സാഹചര്യങ്ങള്‍ക്കും അവര്‍ക്ക് ബോളര്‍മാരുണ്ട്. ഒരു സ്പിന്നര്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ അവരുടെ പേസര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തുന്നു- നവജ്യോത് സിംഗ് സിദ്ധു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒപ്പം ഹര്‍ഭജന്‍ സിംഗ് പോയി. ”എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയും ഓസ്ട്രേലിയയും മികച്ച പ്രകടനം കാഴ്ചവച്ചു. വെസ്റ്റ് ഇന്‍ഡീസില്‍ ഓസ്ട്രേലിയ മത്സരങ്ങള്‍ വിജയിക്കുകയാണ്. അവരാണ് അവിടെ ഏറ്റവും മികച്ചത്. ആരും അര്‍ദ്ധ സെഞ്ച്വറി നേടിയില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ ഓസീസ് 200 റണ്‍സ് നേടി. ഐസിസി ടൂര്‍ണമെന്റുകളുടെ കാര്യം വരുമ്പോള്‍ ഓസ്ട്രേലിയ ഒരു വ്യത്യസ്ത മൃഗമായി മാറുന്നു, ”അദ്ദേഹം പറഞ്ഞു.

അതിനിടെ നമീബിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയ ഓസ്ട്രേലിയ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടി. അവര്‍ ഇതുവരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചു.