വിന്‍ഡീസിനെതിരായ ടി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം പിടിച്ച പരമ്പര സാധ്യത നിലനിര്‍ത്തിയിരിക്കുകയാണ് ഇന്ത്യ. സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍മയുടെയും മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. ഇപ്പോഴിതാ മൂന്നാം ടി20യിലെ ഇന്ത്യയുടെ മാച്ച് വിന്നര്‍ ആരെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.
സൂര്യ ഉജ്ജ്വലമായി കളിച്ചു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം യഥാര്‍ത്ഥ മാച്ച് വിന്നര്‍ കുല്‍ദീപ് യാദവാണ്.അപകടകാരിയായ നിക്കോളാസ് പൂരന്റെയുള്‍പ്പെടെ വിന്‍ഡീസ് മുന്‍നിരയിലെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി വിന്‍ഡീസിനെ 159 റണ്‍സിലൊതുക്കി നിര്‍ത്തിയത് കുല്‍ദീപിന്റെ ബോളിംഗ് മികവായിരുന്നു- മഞ്ജരേക്കര്‍ പറഞ്ഞു.
ഓപ്പണര്‍ ബ്രാന്‍ഡന്‍ കിംഗ്, ജോണ്‍സണ്‍ ചാള്‍സ്, അപകടകാരിയായ നിക്കോളാസ് പൂരന്‍ എന്നിവരായിരുന്നു കുല്‍ദീപിന്റെ ഇരകള്‍. നാല് ഓവര്‍ ബോള്‍ ചെയ്ത കുല്‍ദീപ് 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്ത്യന്‍ സൈഡിലെ ഏറ്റവും മികച്ച സ്‌പെല്ലും ഇതായിരുന്നു.
മറുപടി ബാറ്റിംഗില്‍ സൂര്യയുടെയും തിലകിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. തിലകിനൊപ്പം ചേര്‍ന്ന് 87 റണ്‍സാണ് സൂര്യകുമാര്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ച സൂര്യ 44 ബോളില്‍ 83 റണ്‍സോടെ ടീമിന്റെ വിജമയുറപ്പിച്ച ശേഷമായിരുന്നു ക്രീസ് വിട്ടത്. 10 ഫോറും നാലു സിക്‌സറും സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. തിലക് 49 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.